Hivision Channel

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി; 26 രോഗികളെ തിരിച്ചയച്ചു

കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങി. ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച 26 രോഗികളെ തിരിച്ചയച്ചു. കാത് ലാബിലെ യന്ത്രത്തകരാറാണ് ചികിത്സ നിലയ്ക്കാന്‍ കാരണമായത്. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജില്‍ രണ്ട് തിയറ്ററുകളാണുള്ളത്. ഇത് രണ്ടും അടച്ചിട്ടിട്ട് ആറു മാസമായി. ഇതിനുപുറമേയാണിപ്പോള്‍ കാത്ത് ലാബ് പണിമുടക്കിയത്. ലാബിലെ ഫ്‌ലൂറോസ്‌കോപ്പിക് ട്യൂബ് കേടായതാണ് കാരണം. മാസങ്ങളായി ശസ്ത്രക്രിയയ്ക്കുള്ള തീയതികള്‍ നീട്ടിവെയ്ക്കാറാണ് പതിവ്. എന്നാല്‍, കാത് ലാബ് പ്രവര്‍ത്തനരഹിതമായതോടെ ചികിത്സ തേടിയെത്തിയ 26 പേരെയും തിരിച്ചയച്ചു.

കാര്‍ഡിയോളജി വിഭാഗത്തിലെ 3 കാത്ത് ലാബുകളിലൊന്ന് കാലപ്പഴക്കത്താല്‍ മുന്‍പേ ഉപയോഗശൂന്യമായിരുന്നു. രണ്ടാമത്തെ ലാബാകട്ടെ എസി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതോടെ പൂട്ടി. രണ്ടര വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത പുതിയ കാത്ത് ലാബാണിപ്പോള്‍ പ്രവര്‍ത്തനരഹിതമായത്. ഇതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ്‌മേക്കര്‍ ഘടിപ്പിക്കല്‍ തുടങ്ങിയവയൊക്കെ മുടങ്ങി. ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ പദ്ധതി എന്നിവയുള്ളതിനാല്‍ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുക മെഡിക്കല്‍ കോളേജുകളെയാണ്. എന്നാലിവിടെയും രക്ഷയില്ലാക്ക അവസ്ഥയാണിപ്പോള്‍.

കേടായ ട്യൂബ് വിദേശത്ത് നിന്ന് കൊണ്ടുവരാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും ഈമാസം മുപ്പതോടെ കാത്ത് ലാബ് പ്രവര്‍ത്തിപ്പിക്കുമെന്നും തിയറ്ററുകള്‍ നവീകരണത്തിന്റെ ഭാഗമായാണ് അടച്ചിട്ടതെന്നും ഒരു മാസത്തിനുള്ളില്‍ തുറക്കുമെന്നുമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍, അടിയന്തരമായി ശസ്ത്രക്രിയ ചെയ്യേണ്ടവര്‍ക്ക് കാത്തു നില്‍ക്കാന്‍ സാധിക്കില്ല. വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളു.

Leave a Comment

Your email address will not be published. Required fields are marked *