വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കും. കടുവയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. നാല് പശുക്കളെ കടുവ ആക്രമിച്ച് കൊന്നിരുന്നു. വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കടുവ കൂട്ടില്‍ കയറിയില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം.
ഉത്തരവിറങ്ങിയതോടെ കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ആര്‍ആര്‍ടി സംഘം. ഇതിനിടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും വനംവകുപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ ബാണാസുര അണക്കെട്ടിലൂടെ നീന്തി പോകുന്ന കടുവയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബോട്ട് സവാരി നടത്തിയ വിനോദ സഞ്ചാരികള്‍ ദിവസങ്ങള്‍ക്കു മുമ്പ് പകര്‍ത്തിയ ദൃശ്യങ്ങളാണിതെന്നാണ് സൂചന.
റിസര്‍വോയറിന്റെ ഉള്‍വശത്ത് വനത്താല്‍ ചുറ്റപ്പെട്ട മേഖലയാണിത്. സഞ്ചാരികള്‍ ശബ്ദമുണ്ടാക്കുന്നതും ബോട്ട് കടുവയെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. സംഭവത്തെതുടര്‍ന്ന് ഇന്ന് രാവിലെ കേണിച്ചിറയില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.