പശ്ചിമ ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ഐ. എം. എ ദേശവ്യാപകമായി 17/8/ 2024 ശനിയാഴ്ച നടത്തുന്ന പ്രതിഷേധ സമരത്തിന് കെ. ജി. എം. ഒ. എ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അത്യാഹിത-അടിയന്തിര സേവനങ്ങൾക്ക് ഭംഗം ഉണ്ടാകാത്ത വിധത്തിൽ അംഗങ്ങൾ അവധിയെടുത്ത് പ്രതിഷേധത്തിൽ പങ്ക് ചേരുന്നതാണ്.
പ്രസ്തുത വിഷയത്തിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കെ. ജി. എം .ഒ. എ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, ദേശീയ തലത്തിൽ തന്നെ, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആരോഗ്യസ്ഥാപനങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കോഡ് ഗ്രേ പ്രോട്ടോകോൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.ആരോഗ്യ സ്ഥാപനങ്ങളെ സുരക്ഷിത ജോലിസ്ഥലങ്ങൾ ആക്കി മാറ്റുന്നതിനുള്ള അടിയന്തര നിയമനിർമാണം ദേശീയതലത്തിൽ ഉണ്ടാവേണ്ടതും അത്യന്താപേക്ഷിതമാണെന്നും സമൂഹമനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള മൃഗീയമായ ഈ കൊലപാതകത്തിനെതിരെ ശക്തമായ പ്രതികരണം പൊതു സമൂഹത്തിൽ നിന്ന് ഉയർന്നു വരേണ്ടതുണ്ടെന്നും.
പ്രതിഷേധ സമരത്തിന് സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം സംഘടന ആവശ്യപ്പെടുന്നു. വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രമായി ആശുപത്രി സന്ദർശനം പരിമിതപ്പെടുത്തി ഈ സമരത്തെ പിന്തുണയ്ക്കുവാൻ പൊതുജനങ്ങളോട് കെ ജി എം ഓ എ അഭ്യർത്ഥിച്ചു. നീതിയ്ക്കായുള്ള ഈ പോരാട്ടത്തിൽ ഞങ്ങളോട് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.