ഇടുക്കി ഉടുമ്പൻചോലയിൽ മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല പുത്തൻപുരയ്ക്കൽ ചിഞ്ചു, സിജോ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പുരയിടത്തിനടുത്ത തോട്ടുവക്കത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടുമ്പൻചോല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച രാവിലെ ജാൻസിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വീടിന് സമീപമുള്ള തോട്ടുവക്കത്ത് കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തി. കുഞ്ഞിനെ ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാൻസിയെ രാജാകാട്ടിലെ സർക്കാർ ആശുപത്രിയിലേക്കും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ട്.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജാൻസിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് ഉടുമ്പൻചോല പോലീസ് അറിയിച്ചു.