ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ജനുവരി 14, 15 തീയതികളില്‍ കൊച്ചിയില്‍ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോണ്‍ക്ലേവിന് മുന്നോടിയായി ജനുവരി 13ന് രാവിലെ 10 മുതല്‍ രാജഗിരി കോളേജില്‍ ‘സ്റ്റഡി ഇന്‍ കേരള’ എന്ന വിഷയത്തില്‍ ഒരു പ്രീ-കോണ്‍ക്ലേവ് ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ നടത്തിയ വര്‍ത്ത സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന്, ജനുവരി 14, 15 തീയതികളില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ആണ് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 14ന് രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബോസ്റ്റണ്‍ കോളേജ് പ്രൊഫസര്‍ ഫിലിപ്പ് ജി. അല്‍ബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തുടങ്ങി ഭരണ രംഗത്തെയും അക്കാദമിക് രംഗത്തെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഗവേഷണമികവ് വളര്‍ത്തല്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ നവീനമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കല്‍, ആഗോള ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറുന്നതിന് സംസ്ഥാനതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ കോണ്‍ക്ലേവ് വിശദമായി ചര്‍ച്ചചെയ്യും. വ്യവസായ-വിദ്യാഭ്യാസ സൗഹൃദബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഈ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, മികച്ച ഗവേഷണവിദ്യകളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി തൊഴില്‍സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും വിപുലമായ പര്യവേഷണങ്ങള്‍ കോണ്‍ക്ലേവില്‍ നടക്കും. പ്ലീനറി സെഷനുകള്‍, പ്രത്യേക പ്രഭാഷണങ്ങള്‍ എന്നിവയും കോണ്‍ക്ലേവിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
ഡോ. ശ്രീറാം രാമകൃഷ്ണ (നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍), ഡോ. സാബു പദ്മദാസ് (സൗത്താംപ്ടണ്‍ സര്‍വ്വകലാശാല), ഡോ. സക്കറിയ മാത്യു (മിഷിഗണ്‍ സര്‍വ്വകലാശാല), ഡോ. മഹ്മൂദ് കൂരിയ (എഡിന്‍ബറ യൂണിവേഴ്സിറ്റി), പ്രൊഫ. ഡോണ്‍ പാസി (ലാന്‍കാസ്റ്റര്‍ സര്‍വ്വകലാശാല), സ്റ്റീഫന്‍ വിന്‍സെന്റ്-ലാന്‍ക്രിന്‍ (ഒഇസിഡി പാരീസ്), പ്രൊഫ. ഫിലിപ്പ് അല്‍ബാഷ് (ബോസ്റ്റണ്‍ കോളേജ്), ഡോ. നീന ആര്‍നോള്‍ഡ് (ഗ്ലോബല്‍ ലീഡ് ടേര്‍ഷ്യറി എജുക്കേഷന്‍, വേള്‍ഡ് ബാങ്ക്), പ്രൊഫ. മോഹന്‍ ബി മേനോന്‍ (മുന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍, വവസാന്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, മലേഷ്യ), പ്രൊഫ. ടി പ്രദീപ് (ഐഐടി മദ്രാസ്), പ്രൊഫ. എന്‍ വി വര്‍ഗ്ഗീസ് (ഐഐടി മുംബൈ), ശ്രീ. ബാലഗോപാല്‍ ചന്ദ്രശേഖര്‍ (ചെയര്‍മാന്‍, കെഎസ്ഐഡിസി) തുടങ്ങി നിരവധി വിദഗ്ധര്‍ രണ്ടു ദിവസമായി നടക്കുന്ന കോണ്‍ക്ലേവില്‍ സംബന്ധിക്കും. ഡോ. സഞ്ജയ് ബിഹാരി (ഡയറക്ടര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി) പ്രത്യേക പ്രഭാഷണം നിര്‍വ്വഹിക്കും.മറ്റ് വിദ്യാഭ്യാസ വിചക്ഷണര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, വ്യവസായ പ്രതിനിധികള്‍, അന്താരാഷ്ട്ര പ്രതിനിധികള്‍ എന്നിവരും കോണ്‍ക്ലേവില്‍ പങ്കാളികളാകും.