
വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 306 എടുത്തു പറഞ്ഞു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
മകനുമായി പ്രണയത്തിലുണ്ടായിരുന്ന യുവതിയുടെ ആത്മഹത്യയ്ക്ക് പ്രേരണ നല്‍കിയെന്ന കുറ്റം ചുമത്തപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ വാദം. യുവാവിന്റെ അമ്മയാണ് പരാതി നല്‍കിയിട്ടുള്ളത്. യുവതിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച പരാതിക്കാരിയുടെ മകനും തമ്മിലുള്ള തര്‍ക്കമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം. വിവാഹത്തെ എതിര്‍ത്തതിന് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് അപ്പീല്‍ നല്‍കിയത്. അതേ സമയം കുറ്റപത്രവും സാക്ഷി മൊഴികളുമടക്കം രേഖകളിലുള്ള എല്ലാ തെളിവുകളും എടുത്താലും കുറ്റം ചുമത്തപ്പെട്ടയാള്‍ക്കെതിരെ ഒരു തെളിവും ഇല്ലെന്നും കോടതി വീക്ഷിച്ചു.
അതേ സമയം ആത്മഹത്യയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞയാഴ്ച്ച മറ്റൊരു നിരീക്ഷണം കോടതി നടത്തിയിരുന്നു. മരിച്ചയാളുടെ കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താന്‍വേണ്ടി മാത്രം യാന്ത്രികമായി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തരുതെന്ന് സുപ്രീംകോടതി പറഞ്ഞു. തെറ്റ്‌ചെയ്യാത്തവര്‍ക്കെതിരെ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ അന്വേഷണ ഏജന്‍സികളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ എ എസ്. ഓക, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് നിരീക്ഷണത്തിനു പിന്നില്‍.