
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.വര്‍ഷങ്ങളായി കാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരന്‍ ജി അരവിന്ദന്റെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നു നല്‍കി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു.കാഞ്ചന സീത, എസ്തപ്പാന്‍, ഒന്നുമുതല്‍ പൂജ്യം വരെ സിനിമകള്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.
കൊല്ലം ജില്ലയില്‍ കണ്ടചിറയില്‍ എന്‍. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാജി ജനിച്ചത്. 1963 ല്‍ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളജ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1971 ല്‍ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി.
സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി.അദ്ദേഹത്തിന്റെ കീഴില്‍ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ.ജി. ജോര്‍ജ്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെയാണ് നല്‍കിയത്.














