Hivision Channel

രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വനംമന്ത്രി എകെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധം

കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വനംമന്ത്രി എകെ ശശീന്ദ്രനെ തടഞ്ഞ് പ്രതിഷേധം. മന്ത്രി, രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡില്‍ പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടു. വാഹന വ്യൂഹം വഴിയിലായി. പഞ്ചാര കൊല്ലിക്ക് മുന്‍പുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്.

ആളുകളെ നീക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ പ്രദേശത്ത് തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥന് കടുവ ആക്രമണത്തില്‍ പരിക്കേറ്റ സാഹചര്യത്തിലല്ലേ മന്ത്രിയെത്താന്‍ തയ്യാറായതെന്നാണ് ജനങ്ങളുടെ ചോദ്യം. എന്തുകൊണ്ട് ജനങ്ങള്‍ ദുരിതത്തിലായിട്ടും മൂന്ന് ദിവസമായിട്ടും എത്തിയില്ലെന്നും ജനങ്ങള്‍ ചോദ്യമുയര്‍ത്തി. മന്ത്രി ജനങ്ങളോട് സംസാരിക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്നും ഇറങ്ങാനാകാതെ മന്ത്രി 20 മിനിറ്റോളം കാറിലിരുന്നു. വന്‍ പോലീസ് അകമ്പടിയിലാണ് മന്ത്രി എത്തിയിരുന്നത്.

പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്. സിപിഎം നേതാക്കളും മന്ത്രിക്ക് ഒപ്പമുണ്ട്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് കരിങ്കൊടി കാണിച്ചു. രാധയുടെ കുടുംബാംഗങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ജനപ്രതിനിധികളും നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്ന് മന്ത്രി അറിയിച്ചു.ഇതോടെ പ്രതിഷേധം അവസാനിപ്പിച്ചു. രാധയുടെ മകന് താല്‍ക്കാലിക ജോലി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് വീട്ടില്‍ വച്ച് മന്ത്രി കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *