Hivision Channel

153.16 കോടിയുടെ വികസന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്

കണ്ണൂര്‍:വിദ്യാഭ്യാസ മേഖലയ്ക്ക് 25.48 കോടിയും ലൈഫ് മിഷന് 11.88 കോടിയും കാര്‍ഷിക മേഖലയ്ക്ക് 4.56 കോടി രൂപയും നീക്കി വെച്ച്് 2025-26 വാര്‍ഷിക പദ്ധതി ബജറ്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അവതരിപ്പിച്ച ബജറ്റില്‍ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ 153,16,83,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 2,65,30,968 രൂപ മിച്ചമുണ്ട്. 153,52,58000 കോടി രൂപയുടെ വരവും 2,29,55,968 രൂപ പ്രാരംഭ ബാക്കിയും ഉള്‍പ്പെടെ 155,82,13,968 രൂപയാണ് ആകെ വരവ്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഫാമുകള്‍ക്ക് 3.37 കോടിയും ക്ഷീരമേഖലയ്ക്ക് 2.20 കോടിയും വകയിരുത്തി. ജില്ലയിലെ വനാതിര്‍ത്തികളില്‍ നിന്ന് വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാന്‍ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സ് സ്ഥാപിക്കാനായി 50 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.

വിദ്യാഭ്യാസ മേഖലയ്ക്ക് മൂന്‍തൂക്കം

സ്‌കൂളുകളില്‍ അസംബ്ലിഹാള്‍ നിര്‍മ്മിക്കാന്‍ നാല് കോടി 60 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 73 സ്‌കൂളുകള്‍ക്ക് അറ്റകുറ്റ പണികള്‍ക്കായി നാല് കോടി 86 ലക്ഷം രൂപയും വകയിരുത്തി. സ്‌കൂളുകളില്‍ ലാപ്‌ടോപ്പിന് മൂന്ന് കോടി 50 ലക്ഷം, ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ രണ്ട് കോടി 62 ലക്ഷം, ചുറ്റുമതില്‍ നിര്‍മ്മാണത്തിന് ഒരു കോടി 40 ലക്ഷം, ഗ്രൗണ്ട് നവീകരണത്തിന് ഒരു കോടി 20 ലക്ഷം, ഫര്‍ണിച്ചര്‍ നല്‍കാന്‍ ഒരു കോടി രൂപ, കുടിവെള്ള പദ്ധതിക്ക് ഒരു കോടി, നാപ്കിന്‍ വെന്‍ഡിംഗ് ആന്റ് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ ഒരു കോടി, ശാസ്ത്ര, കമ്പ്യൂട്ടര്‍ ലാബുകളുടെ നവീകരണത്തിന് ഒരു കോടി 10 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. കെട്ടിട നിര്‍മ്മാണത്തിന് കോട്ടയം ജിഎച്ച് എസ് എസ്-40 ലക്ഷം, എടയന്നൂര്‍ ജിഎച്ച് എസ് എസ്-30 ലക്ഷം രൂപ വകയിരുത്തി. സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് 45 ലക്ഷം, പാചകപ്പുര നിര്‍മ്മിക്കാന്‍ 80 ലക്ഷം രൂപ, കലാകായിക ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ 20 ലക്ഷം, ക്ലാസ് മുറികള്‍ വൈദ്യുതീകരിക്കുന്നതിന് 50 ലക്ഷം രൂപ, വൈദ്യുത ചാര്‍ജ് അടക്കുന്നതിന് 50 ലക്ഷം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ 25 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ സ്ഥാപിച്ച ജല പരിശോധന – കിറ്റ് നല്‍കാന്‍ രണ്ട് ലക്ഷം, കിടപ്പിലായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയ അനുഭവം ഒരുക്കുന്ന ‘സ്‌പേസ്’ പദ്ധതിക്ക് മൂന്ന് ലക്ഷം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിക്ക് പത്ത് ലക്ഷം, വിദ്യാലയങ്ങളില്‍ യോഗ, കരാട്ട, കളരി പരിശീലനം നല്‍കാന്‍ 10 ലക്ഷം, ‘പത്താമുദയം’ പദ്ധതിക്ക് രണ്ട് ലക്ഷം, വിദ്യാലയങ്ങളില്‍ ഹാപ്പിനസ് സെന്റര്‍ സ്ഥാപിക്കാന്‍ 20 ലക്ഷം രൂപ വകയിരുത്തി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ട്

കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ വിവിധ പദ്ധതികള്‍ക്കായി ആറ് കോടി രൂപയും ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ഒരു കോടി 72 ലക്ഷം രൂപയും ജില്ലാ ഹോമിയോ ആശുപത്രിക്ക് വിവിധ പദ്ധതികള്‍ക്കായി രണ്ട് കോടി മൂന്ന് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മരുന്നുകള്‍, ലാബ് റീ ഏജന്റ്, പരിചരണ സാമഗ്രികള്‍ വാങ്ങാന്‍ രണ്ട് കോടി 30 ലക്ഷം, ടെലഫോണ്‍ ചാര്‍ജ്ജ്, വാട്ടര്‍ ചാര്‍ജ്ജ’ എന്നിവയ്ക്കായി ഒരു കോടി 60 ലക്ഷം, ക്യാന്‍സര്‍ മരുന്ന്, പാലിയേറ്റീവ് കെയര്‍ മരുന്ന് പരിചരണ സാമഗ്രികള്‍ എന്നിവയ്ക്കായി 60 ലക്ഷം, ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 60 ലക്ഷം, താല്‍ക്കാലിക ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് നിയമനത്തിന് 20 ലക്ഷം, 24 മണിക്കൂര്‍ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനത്തിന് 10 ലക്ഷം, വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ 40 ലക്ഷം, ആശുപത്രിയില്‍ ഓഫീസ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 10 ലക്ഷം, കൃത്രിമ അവയവ നിര്‍മ്മാണത്തിന് 5 ലക്ഷം ഉള്‍പ്പെടെയാണ് ആറ് കോടി രൂപ വകയിരുത്തിയത്.

ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ലാബ് റീഏജന്റ് വാങ്ങാന്‍ ഒരു കോടി 50 ലക്ഷം, വൈദ്യുതി ബില്ല്, ഫോണ്‍ ചാര്‍ജ്ജ് എന്നിവയ്ക്ക് എട്ട് ലക്ഷം, അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 20 ലക്ഷം, ജീവിതശൈലി രോഗ ക്ലിനിക്ക് പ്രവര്‍ത്തനത്തിന് മൂന്ന് ലക്ഷം, ബാലമാനസം പദ്ധതിക്ക് ആറ് ലക്ഷം, പാലിയേറ്റീവ് കെയര്‍ സെന്ററിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തി.

ജില്ലാ ഹോമിയോ ആശുപത്രിയില്‍ സ്‌പെഷാലിറ്റി ബ്ലോക്ക് നിര്‍മ്മാണത്തിന് ഒരു കോടി 50 ലക്ഷം, മരുന്ന്, ലാബ് റീ ഏജന്റ്‌റ് വാങ്ങാന്‍ 14 ലക്ഷം, അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം, ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് നാല് ലക്ഷം രൂപയും ലിഫ്റ്റിന് എ എം സി ക്ക് അഞ്ച് ലക്ഷം രൂപയും വകയിരുത്തി.

പട്ടികജാതി-പട്ടികവര്‍ഗ സമൂഹത്തിന്റെ ഉന്നമനത്തിന് നാല് കോടി

പട്ടിക ജാതി നഗറുകളുടെ സമഗ്ര വികസന പദ്ധതിക്ക് ഒരു കോടി 50 ലക്ഷം, വീടുകളുടെ അറ്റകുറ്റപ്പണിക്ക് ഒരു കോടി, പട്ടിക ജാതി ശ്മശാനങ്ങളുടെ പുനരുദ്ധാരണത്തിന് 20 ലക്ഷം, യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിന് 15 ലക്ഷം, ക്ഷയരോഗ ബാധിതര്‍ക്കുള്ള പോഷകാഹാര കിറ്റിന് എട്ട് ലക്ഷം, ദേശീയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിഭാ പിന്തുണ പദ്ധതിക്ക് രണ്ട് ലക്ഷം, പട്ടികജാതി സാംസ്‌കാരിക നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 75 ലക്ഷം വകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ സങ്കേതങ്ങളില്‍ കുടിവെള്ള പദ്ധതിക്ക് 20 ലക്ഷം, പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിന് 20 ലക്ഷം, പട്ടിക വര്‍ഗ സാസ്‌കാരിക നിലയങ്ങള്‍ക്ക് 60 ലക്ഷം, പട്ടിക വര്‍ഗ ഉന്നതികളില്‍ ട്രൈബല്‍ യൂത്ത് ഫോഴ്സ് രൂപീകരിക്കാന്‍ അഞ്ച് ലക്ഷം രൂപ വകയിരുത്തി. പട്ടിക വര്‍ഗ ഉന്നതികളിലെ വിദ്യാഥികള്‍ക്ക് ‘പഠന പിന്തുണ’ പദ്ധതിക്ക് 20 ലക്ഷം, ഉന്നതികളില്‍ നടപ്പാത നിര്‍മ്മിക്കാന്‍ 20 ലക്ഷം രൂപ, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പ്രഭാത ഭക്ഷണം നല്‍കാന്‍ ആറ് ലക്ഷം, ആറളം നവജീവന്‍ മാതൃകാ ഗ്രാമത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തിന് 13 ലക്ഷം, അംഗന്‍വാടികള്‍ക്കും സ്മാര്‍ട്ട് അംഗന്‍വാടികള്‍ക്കും കെട്ടിടം പണിയാന്‍ 50 ലക്ഷം രൂപ വകയിരുത്തി.

കാര്‍ഷിക-ക്ഷീര മേഖലകള്‍ക്ക് പരിഗണന

ജില്ലയിലെ നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ രണ്ട് കോടി 86 ലക്ഷം രൂപയും കൈപ്പാട് കൃഷിക്ക് 20 ലക്ഷം രൂപയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 70 ലക്ഷം രൂപയും വകയിരുത്തി. ‘തരിശ് രഹിത ജില്ല ‘ പദ്ധതിക്ക് 50 ലക്ഷം രൂപയും ”പോഷക സമൃദ്ധി’ പദ്ധതിക്ക് 30 ലക്ഷം രൂപയും വകയിരുത്തി. കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലെ നഴ്സറി പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപയും ടോയ് ലറ്റ് നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപയും ഓപ്പണ്‍ ഓഡിറ്റോറിയം വൈദ്യുതീകരണത്തിന് 10 ലക്ഷം രൂപയും ഐടി കെ ഹാള്‍ പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപയും വിത്ത് സംസ്‌കരണ കേന്ദ്രം നാല് ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടി 84 ലക്ഷം രൂപയും വകയിരുത്തി. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാങ്കോല്‍, പാലയാട്, കൊമ്മേരി ഗോട്ട് ഫാമുകള്‍ക്കായി മൂന്ന് കോടി 37 ലക്ഷം രൂപ വകയിരുത്തി. ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി നല്‍കാന്‍ രണ്ട് കോടി രൂപയും ചാണകം സംസ്‌കരിച്ച് വിപണനം ചെയ്യുന്നതിന് ക്ഷീര സംഘങ്ങള്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും 20 ലക്ഷം രൂപയും വകയിരുത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് 20 ലക്ഷം രൂപ, ആര്‍എഎച്ച്‌സികളുടെ പ്രവര്‍ത്തനത്തിന് 16 ലക്ഷം, കൊമേരി ആടുവളര്‍ത്തുകേന്ദ്രത്തില്‍ ആടുകളെ വാങ്ങാന്‍ 20 ലക്ഷം,പൂ കൃഷിക്ക് 16 ലക്ഷം രൂപയും വകയിരുത്തി.

കുടുംബശ്രീയെ ചേര്‍ത്തുപിടിച്ചു

കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് 10 ലക്ഷം രൂപ, വയോജനങ്ങളുടെയും കിടപ്പിലായ രോഗികളുടെയും വീടുകളില്‍ പരിചരണം നടത്തുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി ‘ഹോം കെയര്‍ ബ്രിഗേഡ്’ രൂപീകരിക്കാന്‍ അഞ്ച് ലക്ഷം,’ഒരു സി ഡി എസില്‍ ഒരു സംരംഭം’ പദ്ധതിക്ക് 50 ലക്ഷം, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ‘മത്സ്യ ശ്രീ ‘പദ്ധതിക്ക് നാല് ലക്ഷം, സ്‌കൂളുകളില്‍ കുടുംബശ്രീ നേതൃത്വത്തില്‍ ‘സ്‌കൂഫേ’ ആരംഭിക്കാന്‍ ഈ വര്‍ഷം 10 ലക്ഷം രൂപയും വകയിരുത്തി.

സാന്ത്വന പരിചരണ മേഖലക്ക് കൈതാങ്ങ്

മാരകമായ രോഗങ്ങള്‍ ബാധിച്ചവരും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്നവരുമായ ആളുകളുടെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി 50 ലക്ഷം, എയ്ഡ്സ് ബാധിതര്‍ക്കുള്ള രോഗ പ്രതിരോധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 40 ലക്ഷം, ക്ഷയരോഗ ബാധിതര്‍ക്കുള്ള പോഷകാഹാര കിറ്റ് വിതരണത്തിന് ഏഴ് ലക്ഷം, ഡിജിറ്റല്‍ ബ്രെയിലി സാക്ഷരതാ പദ്ധതിക്ക് 10 ലക്ഷം, കേള്‍വി പരിമിതിയുള്ളവര്‍ക്ക് ഹിയറിംഗ് എയിഡ്’ വിതരണം ചെയ്യാന്‍ 15 ലക്ഷം, തോട്ടട കാഴ്ച പരിമിതരുടെ വിദ്യാലയ നവീകരണത്തിന് ഒന്‍പത് ലക്ഷം രൂപ, കൊളപ്പ ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം നവീകരണത്തിന് 10 ലക്ഷം, വയോജന വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം, വയോജന കലോത്സവത്തിന് രണ്ട് ലക്ഷം, വയോജനങ്ങള്‍ക്ക് തിയേറ്റര്‍ സ്ഥാപിക്കാന്‍ 20 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണത്തിന് 15 ലക്ഷം, ‘ട്രാന്‍സ്ജെന്‍ഡര്‍ പദവി പഠനം” നടത്തുവാന്‍ മൂന്ന് ലക്ഷം രൂപ, ട്രാന്‍സ്‌ജെന്‍ഡര്‍ ഭവന നിര്‍മ്മാണത്തിന് മൂന്ന് ലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് ഒരു കോടി 50 ലക്ഷം രൂപയും വകയിരുത്തി. ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് 50 ലക്ഷവും, ബഡ്സ് ബാന്റ് ട്രൂപ്പിന് 15 ലക്ഷം രൂപയും വകയിരുത്തി.

സാമൂഹ്യ രംഗങ്ങളില്‍ ശക്തമായ ഇടപെടല്‍

‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി പായം, ചെങ്ങളായി, മയ്യില്‍, പയ്യാവൂര്‍ പഞ്ചായത്തുകളില്‍ കളിക്കളം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍-ഗ്രാമപഞ്ചായത്തുകളുടെ വിഹിതം ഉള്‍പ്പെടെ നാല് കോടി രൂപ വകയിരുത്തി. വനിതാ ഫിറ്റ്നസ് സെന്റററുകള്‍ക്ക് 30 ലക്ഷം രൂപ, ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങളില്‍ റൂഫ് ടോപ്പ് സോളാര്‍ സ്ഥാപിക്കാന്‍ 20 ലക്ഷം, ദുരന്ത നിവാരണ സാക്ഷരതാ പ്രവര്‍ത്തനത്തിന് അഞ്ച് ലക്ഷം, ജില്ലയിലെ പ്രധാന നിരത്തുകളില്‍ ‘ടെയ്ക് എ ബ്രേക്ക്’ സ്ഥാപിക്കാന്‍ 75 ലക്ഷം, റോഡുകളുടെ മെയിന്റന്‍സിന് 15 കോടി, എരഞ്ഞോളിയില്‍ ലേഡീസ് പാര്‍ക്ക്, വാക്കിംഗ് വേ, ഓപ്പണ്‍ ജിം, കഫ്റ്റീരിയ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലൈബ്രറി എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കുള്ള പാര്‍ക്ക് നിര്‍മ്മിക്കാന്‍ ഒരു കോടി, രാമപുരം പുഴ സംരക്ഷിക്കാന്‍ 10 ലക്ഷം, ചെറുകിട സംരംഭകരുടെയും കര്‍ഷകരുടെയും പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനത്തിനും വിപണനത്തിനുമായി 25 ലക്ഷം, പരമ്പരാഗത തൊഴില്‍ സംരംഭകര്‍ക്ക് സഹായം നല്‍കാന്‍ 20 ലക്ഷം ഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ക്ക് 10 ലക്ഷം, ഖാദി കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 ലക്ഷം, അമ്മയ്‌ക്കൊരിടം പദ്ധതിക്ക് 25 ലക്ഷം രൂപ വകയിരുത്തി.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ബജറ്റ് അവതരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയായി. ബജറ്റ് ചര്‍ച്ചയില്‍ സ്ഥിരം സമിതി അധ്യക്ഷരായ വികെ സുരേഷ് ബാബു, അഡ്വ. ടി സരള, അംഗങ്ങളായ വിജയന്‍ മാസ്റ്റര്‍, ചന്ദ്രന്‍ കല്ലാട്ട്, എന്‍ പി ശ്രീധരന്‍, തോമസ് വെക്കത്താനം, എം രാഘവന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *