Hivision Channel

പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബര്‍ 12 ന്

കണ്ണൂര്‍:പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം സബ്നാഷണല്‍ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ചുവയസില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒക്ടോബര്‍ 12 ന് പോളിയോ തുള്ളിമരുന്ന് നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും.

പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി ജില്ലയില്‍ 1930 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, മേളകള്‍, എന്നിവിടങ്ങളിലായി 47 ട്രാന്‍സിറ്റ് ബൂത്തുകളും 109 മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം അഞ്ചുവയസില്‍ താഴെയുള്ള 1.6 ലക്ഷം കുഞ്ഞുങ്ങളും അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളിലായി 1729 കുട്ടികളുമാണുള്ളത്. 12 ന് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെയുള്ള സമയത്ത് പോളിയോ മരുന്ന് സ്വീകരിക്കാത്ത കുട്ടികള്‍ക്കായി 13,14 തീയതികളില്‍ ഗൃഹ സന്ദര്‍ശനം നടത്തി മരുന്ന് നല്‍കും.

പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദാ മുഫസിര്‍ അധ്യക്ഷയായി. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അനീറ്റ കെ ജോഷി മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചു. ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ടി.രേഖ, ജില്ലാ സര്‍വെയിലന്‍സ് ഓഫീസര്‍ ഡോ.കെ.സി.സച്ചിന്‍ എന്നിവര്‍ കുഷ്ഠം, മലേറിയ, കാലാഅസര്‍, മന്ത് തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. ആരോഗ്യ വിഭാഗത്തിലേയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *