Hivision Channel

സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാന്‍ സാധ്യത

തുലാവര്‍ഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാന്‍ സാധ്യത. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളില്‍ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ ഉള്‍വലിഞ്ഞ കടല്‍ നിലവില്‍ പൂര്‍വസ്ഥിതിയിലായിട്ടുണ്ട്. മധ്യകേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവര്‍ഷത്തിന്റെ പ്രത്യേകത. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം നിലനില്‍ക്കുന്ന ചക്രവാതചുഴി ഞായറാഴ്ചയോടെ കേരള കര്‍ണാടക തീരത്തിനു സമീപം ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും.

Leave a Comment

Your email address will not be published. Required fields are marked *