
കണ്ണൂര്‍:തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ രീതിയില്‍ പ്രചരണങ്ങള്‍ നടത്തരുതെന്ന് എം സി സി ജില്ലാതല മോണിറ്ററിംഗ് സമിതി അറിയിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥിയുടെ ഫോട്ടോ സഹിതമുള്ള തിരഞ്ഞെടുപ്പ് പരസ്യ ബോര്‍ഡ് ഡിവിഷനിലെ എല്ലാ പൊതുറോഡിലുമുള്ള ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകളില്‍ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നതായും ഇവ ഉടനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. പരാതിയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ചെയര്‍മാനായ എം സി സി ജില്ലാതല മോണിറ്ററിംഗ് സമിതി യോഗം തീരുമാനിച്ചു.
പരിശോധനയുമായി ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ്
നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗങ്ങള്‍, യോഗങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുതയും സ്‌ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്, ഫ്ളക്സ് മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം ഉറപ്പാക്കും.
നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവെപ്പിക്കാന്‍ സ്‌ക്വാഡ് നിര്‍ദേശം നല്‍കും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യും. നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയില്‍പ്പെടുത്തി സ്‌ക്വാഡ് നടപടി സ്വീകരിക്കും.
അനധികൃതമായും അനുവദനീയമല്ലാത്ത രീതിയിലുമുള്ള മൈക്ക് അനൗണ്‍സ്മെന്റുകള്‍ നിര്‍ത്തിവെപ്പിക്കും. അനുമതിയില്ലാതെയും പൊതുവഴി കൈയേറിയും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ കടന്നുപോകുന്നതിനും തടസ്സമുണ്ടാകുന്ന രീതിയിലും സ്ഥാപിച്ച ബോര്‍ഡുകള്‍, കമാനങ്ങള്‍, ബാനറുകള്‍ എന്നിവ എടുത്തുമാറ്റുന്നതിന് അത് സ്ഥാപിച്ചവരോട് ആവശ്യപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും. ഇവ അനധികൃതമായി സ്ഥാപിച്ചതായി പൊതുജനം അറിയിക്കുന്ന പരാതികളും പ്രത്യേകമായി പരിശോധിച്ച് നടപടി സ്വീകരിക്കും.














