
സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) വനിതാ ഹോസ്റ്റലില്‍ രണ്ടു കായിക വിദ്യാര്‍ത്ഥിനികളെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യര്‍ത്ഥിനിയും മറ്റൊരാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള സായിയുടെ ഹോസ്റ്റലിലാണ് കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ അഞ്ചുമണിക്ക് പ്രാക്ടീസിനായി പോകാന്‍ വാര്‍ഡനും മറ്റുവിദ്യാര്‍ത്ഥികളുമെത്തി വിളിച്ചപ്പോള്‍ മുറി തുറന്നിരുന്നില്ല. തുടര്‍ന്ന് വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് രണ്ട് ഫാനുകളിലായി വിദ്യാര്‍ത്ഥികള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മീഷണര്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. പത്താം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണവി കബഡി താരമാണ് കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നു. പ്ലസ് ടു വിദ്യാര്‍ഥി സാന്ദ്ര അത്ലറ്റിക് താരമാണ്.














