Hivision Channel

മോട്ടോര്‍ വാഹന വകുപ്പിന്റെ അമ്‌നസ്റ്റി സ്‌കീം 2026 ഏപ്രില്‍ 30 വരെ

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പകുതി തുകയ്ക്ക് തീര്‍പ്പാക്കാനുള്ള അവസരം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ അമ്‌നസ്റ്റി സ്‌കീം 2026.പദ്ധതി പ്രകാരം പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകള്‍ അവസാനിപ്പിക്കാം. ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവര്‍ക്ക് ഇനി 250 രൂപ അടച്ചാല്‍ മതിയാകും. മറ്റ് പ്രധാന നിയമലംഘനങ്ങള്‍ക്കും ഇതേ ഇളവ് ബാധകമാണ്. പിഴ തുക അടയ്ക്കാതെ നീണ്ടുനില്‍ക്കുന്ന കേസുകളും സാങ്കേതിക പ്രശ്‌നങ്ങളാല്‍ കുടുങ്ങിയ ചലാനുകളും പരിഹരിക്കാന്‍ ഈ പദ്ധതി സഹായകരമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 27 മുതല്‍ 30 വരെ കളക്ടറേറ്റ് സമുച്ചയത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസില്‍ അദാലത്ത് നടത്തും. രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പരാതികള്‍ പരിഹരിക്കാനും പിഴ അടയ്ക്കാനും സൗകര്യമുണ്ടാകും. ഓണ്‍ലൈന്‍ വഴിയും ഈ ഇളവ് ലഭ്യമാകും: https://services.mvd.kerala.gov.in. പിഴത്തുകയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനും തടസ്സങ്ങള്‍ ഒഴിവാക്കാനും അദാലത്ത് പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ഏപ്രില്‍ 30 കഴിഞ്ഞാല്‍ പിഴ മുഴുവന്‍ അടയ്‌ക്കേണ്ടി വരും.

2024 ഡിസംബര്‍ 31 വരെ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ ചുമത്തിയ പിഴകള്‍ക്ക് മാത്രമാണ് ഇളവ് ബാധകം

വിര്‍ച്വല്‍ കോടതിയിലേക്ക് കൈമാറിയ ശേഷം സമയ പരിധിക്കുള്ളില്‍ അടയ്ക്കാത്ത ചലാനുകള്‍ 50% ഇളവില്‍ തീര്‍പ്പാക്കാം

കോടതി നേരിട്ട് പരിഗണിക്കുന്ന കേസുകള്‍ക്ക് ഇളവ് ബാധകമല്ല

പോര്‍ട്ടല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പിഴ അടയ്ക്കാന്‍ കഴിയാത്തവര്‍ക്കും അദാലത്ത് ആശ്വാസമാകും.

Leave a Comment

Your email address will not be published. Required fields are marked *