
ശബരിമല സന്നിധാനത്ത് അനുമതി ഇല്ലാതെ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറത്തിയ സംഭവത്തില്‍ ഗുരുതര സുരക്ഷാ ലംഘനമെന്ന് എഡിജിപി എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കൊടിമരത്തിന് തൊട്ടു മുകളില്‍ കൂടി ഹെലികോപ്റ്റര്‍ പറന്നു. കോസ്റ്റ്ഗാര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ല. എയര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരം തേടും. ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുത്തതായി സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിന് പത്തനംതിട്ട എസ്.പിയെ ചുമതലപ്പെടുത്തി .
ശബരിമല മുതല്‍ നിലക്കല്‍ വരെ അതീവസുരക്ഷാ മേഖലയാണ്. ഇത്തരത്തില്‍ വളരെ താഴ്ന്ന് സന്നിധാനത്ത് ഹെലികോപ്റ്റര്‍ പറക്കുന്നത് ആദ്യ സംഭവമാണെന്നാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പറയുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്റ്റര്‍ ശബരിമല ക്ഷേത്രത്തിന് തൊട്ടു മുകളിലൂടെ പറന്നത്. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തു കൂടെ വേഗത കുറച്ചായിരുന്നു ഹെലികോപ്റ്ററിന്റെ സഞ്ചാരം. ഹെലികോപ്റ്റര്‍ സഞ്ചരിച്ചതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ക്ഷേത്ര പരിസരത്തുണ്ടായിരുന്നവര്‍ ചിത്രീകരിച്ചിരുന്നു.
സംഭവം വിവാദമായതോടെ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ എഡിജിപി എസ് ശ്രീജിത്തിനോട് റിപ്പോര്‍ട്ട് തേടി. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഏതെങ്കിലും നിരീക്ഷണത്തിന്റെ ഭാഗമായി ശബരിമലയ്ക്ക് മുകളിലൂടെ പറന്നതല്ല എന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോള്‍ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്റ്റ് ഗാര്‍ഡ് പറയുന്നു. റഡാര്‍ സംവിധാനത്തിലൂടെ സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ അല്ലെന്നും ജിപിഎസ് മുഖേനയാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു.














