
കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളില്‍ നിന്നായി പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടികളെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകള്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകള്‍ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകള്‍ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു.














