Hivision Channel

തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോല്‍വി: ജനവിധിയെ അംഗീകരിക്കുന്നു, ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എല്‍ഡിഎഫ് പ്രവര്‍ത്തിക്കും’; പിണറായി വിജയന്‍

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ആദ്യ പ്രതികരണവുമായി പിണറായി വിജയന്‍. തിരഞ്ഞെടുപ്പിലുണ്ടായത് അപത്രീക്ഷിത തോല്‍വി. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എല്‍ഡിഎഫ് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും പിണറായി വിജയന്‍. വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും അദേഹം പ്രസ്താവനയില്‍ പറയുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് ഫലമാണ് വന്നിട്ടുള്ളത്. എല്ലാവിധ എതിര്‍പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടയിലും എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. മൂന്നാംവട്ടം തുടര്‍ച്ചയായി പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്ന് അദേഹം പറഞ്ഞു.

എല്‍ഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള പുതിയ തുടക്കമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മ്മാണത്തിനായി എല്‍ഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ വിജ്ഞാന സമ്പദ്വ്യവസ്ഥ, യുവജന തൊഴില്‍, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും ഇവയെല്ലാം ഇനി മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീശക്തീകരണവും സാമൂഹ്യസുരക്ഷയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച നയങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായവയാണ്. അവ നടപ്പിലാക്കുന്നതിനായി പുതിയ സര്‍ക്കാരിന്മേല്‍ ജനാധിപത്യ സമ്മര്‍ദ്ദം ചെലുത്തും.

ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണക്കും. അതേസമയം, ജനവിരുദ്ധമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ ചില സൂചനകള്‍ മതനിരപേക്ഷത സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *