Hivision Channel

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഇനി ഡിജിറ്റല്‍ വെയര്‍ ഹൗസ്

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഡിജിറ്റല്‍ വെയര്‍ ഹൗസാക്കുന്നു. വളപട്ടണത്തിന്റെ വൈവിധ്യവും ചരിത്രവും ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കാനാണ് ഡിജിറ്റല്‍ വെയര്‍ ഹൗസാക്കുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണെങ്കിലും 10 നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുണ്ട് വളപട്ടണത്തിന്. തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് കപ്പല്‍ നിര്‍മ്മാണ ജോലികള്‍ ചെയ്തിരുന്ന ഖലാസികളുടെ ആദ്യകാല പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇവരുടെ ചരിത്രം, സാങ്കേതികവിദ്യയുടെ വികാസം, പ്രദേശത്തിന്റെ ജൈവ വൈവിധ്യം, സാഹിത്യം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളാണ് ശേഖരിക്കുക. ലൈബ്രറി അംഗങ്ങളെയും ചരിത്ര വിദ്യാര്‍ഥികളെയും ഇതിനായി ഉപയോഗിക്കും. പഞ്ചായത്ത് പരിധിയിലെ വിദ്യാലയ ലൈബ്രറികളിലുള്ള പുസ്തകങ്ങളുടെ വിവരങ്ങളും ശേഖരിക്കും. ഇതിലൂടെ ഏതെല്ലാം പുസ്തകങ്ങള്‍ എവിടെയെല്ലാം ലഭ്യമാണെന്ന് പഞ്ചായത്ത് ലൈബ്രറിയില്‍ എത്തിയാല്‍ വായനക്കാര്‍ക്ക് എളുപ്പത്തില്‍ അറിയാനാകും. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ പറഞ്ഞു.
കേരളത്തിലെ കമ്പ്യൂട്ടര്‍വത്കരിച്ച ആദ്യ പഞ്ചായത്ത് ലൈബ്രറിയാണ് വളപട്ടണത്തേത്. നാല് കമ്പ്യൂട്ടറുകള്‍, പ്രിന്റര്‍, സ്‌കാനര്‍, പ്രൊജക്ടര്‍, ടി വി എന്നീ സൗകര്യങ്ങലുള്ള ഈ സ്മാര്‍ട്ട് ലൈബ്രറി പൂര്‍ണ്ണമായും സോളാറിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ ലൈബ്രറി ആരംഭിച്ചതിനും ഒരു ചരിത്രമുണ്ട്. 1950ല്‍ കോയത്തൂരില്‍ നിന്ന് വളപട്ടണത്തേക്ക് ഒരു കത്ത് വന്നു. അന്നത്തെ മുന്‍സിപ്പല്‍ കൗണ്‍സിലുകളുടേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ടി എം രാമസ്വാമിയുടെതായിരുന്നു ആ കത്ത്. വളപട്ടണത്ത് ലൈബറി തുടങ്ങാന്‍ 200 രൂപ കെട്ടിടത്തിനും 200 രൂപ പുസതകങ്ങള്‍ വാങ്ങാനും അനുവദിക്കുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ഇന്ന് 12400 പുസ്തകങ്ങളും 500 സിഡികളും 36 ആനുകാലിക മാസികകളും ഇവിടെയുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റീവ് ചെയ്ത ഈ എ ഗ്രേഡ് ലൈബ്രറിക്ക് ഗ്രീന്‍ ലൈബ്രറി പദവിയും ലഭിച്ചിരുന്നു. .കെ എം ഷാജി എം എല്‍ എ ആയിരിക്കെ അനുവദിച്ച 33.76 ലക്ഷം രൂപ ഉപയോഗിച്ച് ലൈബ്രറിക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചിരുന്നു. ലൈബ്രറിയുടെ നേതൃത്വത്തില്‍ ബാലവേദി, യുവസമിതി, വനിതാവേദി, മുതിര്‍ന്ന പൗരന്മാരുടെ വേദി, സാഹിത്യ തീരം പ്രതിമാസ സംഗമം, മത്സര പരീക്ഷാ പരിശീലന കേന്ദ്രം, കൊമേഴ്‌സ് ക്ലബ് എന്നിവയും പ്രവര്‍ത്തിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *