
ചീരാലിലെ കടുവ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചീരാല്‍ വില്ലേജിലെ മദ്രസകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കടുവ ഭീതിയിലാണ് വയനാട് ജില്ലയിലെ ചീരാല്‍ നിവാസികള്‍. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്താനായില്ല. കടുവ ഉള്‍വനത്തിലേക്ക് കടന്നതായാണ് വനം വകുപ്പിന്റെ നിഗമനം.
കഴിഞ്ഞ ദിവസം വൈകിട്ട് ബത്തേരി ദൊട്ടപ്പന്‍കുളത്തുള്ള വീടിന്റെ ചുറ്റുമതില്‍ കടുവ ചാടികടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് വനപാലകര്‍ അറിയിച്ചു. ബത്തേരിക്കടുത്തുള്ള ചീരാല്‍ വില്ലേജിലും കൃഷ്ണഗിരിയിലും കടുവ ശല്യം രൂക്ഷമാണ്.














