
തൊഴില്‍ നൈപുണ്യ വകുപ്പ് അതിഥി തൊഴിലാളികള്‍ക്കായി ‘കവച്’ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 18ന് രാവിലെ 10.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ‘ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്റെ ഭാഗമാണ് കവച്. ലഹരിക്കെതിരെയുള്ള സന്ദേശങ്ങളുമായി ജില്ലാ ലേബര്‍ ഓഫീസ് പരിസരത്ത് നിന്ന് 18ന് രാവിലെ 9.30ന് ആരംഭിക്കുന്ന വിളംബര ജാഥയുടെ ഫ്ളാഗ് ഓഫും മന്ത്രി നിര്‍വ്വഹിക്കും. സാധു ഓഡിറ്റോറിയത്തില്‍ സമാപിക്കുന്ന ഘോഷയാത്രയില്‍ ആയിരത്തോളം അതിഥി തൊഴിലാളികള്‍ പങ്കെടുക്കും. സംസ്ഥാനത്ത് ഒക്ടോബര്‍ 15 മുതല്‍ 22 വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ബോധവല്‍ക്കരണ വിളംബര ജാഥകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, അതിഥി തൊഴിലാളികളുടെ കലാപരിപാടികള്‍ തുടങ്ങിവ നടക്കും. അതിഥി തൊഴിലാളി ക്യാമ്പുകളിലും ജോലി സ്ഥലങ്ങളിലും ഉദ്യോഗസ്ഥരെത്തി ലഹരി വിരുദ്ധ സന്ദേശങ്ങള്‍ കൈമാറും. തൊഴിലാളികളുടെ മാതൃഭാഷയിലുള്ള പ്രചാരണ സാമഗ്രികളാണ് ഉപയോഗിക്കുക. സോഷ്യല്‍ മീഡിയ ക്യാമ്പയിനും നടക്കുന്നുണ്ട്. ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. ലേബര്‍ കമ്മീഷണര്‍ ഡോ. കെ വാസുകി പ്രതിജ്ഞ ചൊല്ലി കൊടുക്കും. കെ സുധാകരന്‍ എം പി, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുക്കും.














