Hivision Channel

ബാലമിത്ര പദ്ധതി;സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തില്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സ്‌കൂളുകളില്‍ ബോധവത്കരണം നടത്തും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 26 ബുധനാഴ്ച സ്‌കൂളുകളില്‍ ബാലമിത്ര പ്രതിജ്ഞ ചൊല്ലും.
ഒന്നാം ക്ലാസ്സ് മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള കുട്ടികള്‍ക്കാണ് ബോധവത്കരണ ക്ലാസുകള്‍ എടുക്കുക. കുട്ടികളിലൂടെ രക്ഷിതാക്കളെയും ബോധവാന്‍മാരാക്കും. പരിശീലനം ലഭിച്ച അധ്യാപകരാണ് കുഷ്ഠ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ വിശദീകരിച്ച് ക്ലാസെടുക്കുക. കുട്ടികളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രക്ഷിതാക്കള്‍ അധ്യാപകര്‍ മുഖേന ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ഇവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. അധ്യാപകര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് പരിശോധിച്ചത്. 2538 അങ്കണവാടികളിലെ 70684 കുട്ടികളെ പരിശോധിച്ചതില്‍ രോഗബാധ കണ്ടെത്തിയിട്ടില്ല. ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടികളില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള കണക്ക് പ്രകാരം 16 മുതിര്‍ന്നവരില്‍ കുഷ്ഠ രോഗം കണ്ടെത്തിയുട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 32 രോഗികളാണുള്ളത്.
എ ഡി എമ്മിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. വി പി രാജേഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ എസ് സന്തോഷ്‌കുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *