Hivision Channel

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: രണ്ട് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 1.65000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിക്ക് വ്യക്തമായി.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. വിദേശ വനിതയെ കാണാനില്ലെന്ന പരാതി ലാഘവബുദ്ധിയോടെയാണ് പൊലീസ് കൈകാര്യം ചെയ്തത്. വിഷാദ രോഗിയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ചികിത്സയ്ക്കും മറ്റുമായാണ് കേരളത്തിലെത്തിയത്. പതിവായി പ്രഭാത സവാരി നടത്താറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയ ലിഗ പിന്നീട് തിരിച്ച് വന്നില്ല. തുടര്‍ന്ന് സഹോദരി പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി നല്‍കിയ സഹോദരി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. 2018 മാര്‍ച്ച് 14 ന് കാണാതായ ലിഗയുടെ മൃതദേഹം 35 ദിവസത്തിന് ശേഷം ജീര്‍ണിച്ച നിലയില്‍ കോവളത്തിനടുത്തെ പൊന്തക്കാട്ടില്‍ നിന്ന് കിട്ടി. സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുവന്ന ശേഷം കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.


നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 5 നാണ് വിചാരണ തുടങ്ങിയത്. ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 18 സാഹചര്യ തെളിവുകള്‍, 30 സാക്ഷികള്‍ എന്നിവ ആധാരമാക്കിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *