Hivision Channel

Kerala news

റണ്‍ ഡിപോള്‍ കൂട്ടയോട്ടം

എടത്തൊട്ടി: ഡിപോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ നേതൃത്വത്തില്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് റണ്‍ ഡിപോള്‍ കൂട്ടയോട്ടം നടത്തി. എടത്തൊട്ടി മുതല്‍ കാക്കയങ്ങാട് വരെ നടത്തിയ കൂട്ടയോട്ടം മാനേജര്‍ ഫാ. ജോര്‍ജ് പൊട്ടയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയില്‍ കായിക ദിന സന്ദേശം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഫാ പീറ്റര്‍ ഊരോത്ത്, സ്റ്റാഫ് സെക്രട്ടറി മോഹന്‍രാജ്, ഫിസിക്കല്‍ ഇന്‍സ്ട്രക്ട്ടര്‍ മുരളി, ഡോ. എബ്രാഹം ജോര്‍ജ്, ഫാ. ജോമി തെക്കേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഞ്ച് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; ചിലയിടത്ത് അതിതീവ്ര മഴയും പെയ്‌തേക്കും

കേരളത്തില്‍ അഞ്ച് ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റര്‍ മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളില്‍ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളില്‍ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങള്‍ ഉണ്ടാകാം. മഴ നിശ്ചിത അളവില്‍ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്, കളര്‍കോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ നിയമപഠനവും ഉള്‍പ്പെടുത്താം; മന്ത്രി വി.ശിവന്‍കുട്ടി

ഭരണഘടനാപരമായ അവകാശങ്ങളെയും കര്‍ത്തവ്യങ്ങളെയുംകുറിച്ച് കുട്ടികളെ കൂടുതല്‍ ബോധവാന്മാരാക്കാനും ഉത്തമപൗരന്‍മാരായി വളരാന്‍ സഹായിക്കാനും നിയമപഠനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങള്‍, മൗലിക കര്‍ത്തവ്യങ്ങള്‍, നിര്‍ദേശകതത്ത്വങ്ങള്‍ എന്നിവ നിലവിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് വിവിധ നിയമങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും വി.ആര്‍ സുനില്‍കുമാറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമപഠനമടക്കമുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തുന്നത് പാഠ്യപദ്ധതി പരിഷ്‌കരണഘട്ടത്തില്‍ ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

മധ്യവയസ്‌കനെ പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കേളകം: അടക്കാത്തോടില്‍ മധ്യവയസ്‌കനെ പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാത്തോടിലെ മുന്‍ ലോഡിംങ്ങ് തൊഴിലാളിയായ പേഴുംകാട്ടില്‍ യൂസഫിനെയാണ് (62) ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് സമ്മേളനം

പേരാവൂര്‍: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് സമ്മേളനം പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. എ.കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഷജിത്ത് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ 38-ാം കണ്ണൂര്‍ ജില്ല സമ്മേളനം നവംബര്‍ 21,22,23 തീയതികളില്‍ ഇരിട്ടിയില്‍ ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ഇതിന്റെ പോസ്റ്റര്‍ വിതരണം പേരാവൂര്‍ യൂണിറ്റ് സമ്മേളനത്തില്‍ നടന്നു. സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോ ഗ്രാഫി, വീഡിയോ ഗ്രാഫി മത്സരം, ഡോക്യുമെന്ററി, സേവ് ദ ഡേറ്റ് ഫോട്ടോ മത്സരം തുടങ്ങിയവയും നടക്കും. യൂണിറ്റ് സമ്മേളനത്തിന് ഡാലറ്റ് എം.പി അധ്യക്ഷനായി. മേഖല പ്രസിഡണ്ട് വിവേക് നമ്പ്യാര്‍, ജോയി പടിയൂര്‍, സുരേഷ്,രാംദാസ്, സനോജ്, വിമല്‍ കെ.എസ്, ഷാഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വിമലിനെ പ്രസിഡന്റായും, അശ്വിന്‍ സെക്രട്ടറി, ജില്‍ജോ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് രത്നാകരന്‍, ട്രഷറര്‍ നിഖില്‍ എന്നിവരെ തിരഞ്ഞെടുത്തു.

കായിക വൃക്ഷം തയ്യാറാക്കി

അടയ്ക്കാത്തോട്: ഗവ.യു.പി സ്‌കൂളില്‍ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കായിക വൃക്ഷം തയ്യാറാക്കി. വിവിധ കായിക പ്രതിഭകളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് കായിക വൃക്ഷം അലങ്കരിച്ചു.

മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍; തദ്ദേശ സ്ഥാപന തല പരിശീലന ശില്പശാല

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍ തദ്ദേശ സ്ഥാപന തല പരിശീലന ശില്പശാല പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശൈലജ ടീച്ചര്‍, ജയരാജന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍,പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍ എന്നിവര്‍ സംസാരിച്ചു.

നിവേദനം നല്‍കി

വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂരിലെ ജനപ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ച് നിവേദനം നല്‍കി. ബഫര്‍സോണ്‍ വിഷയത്തില്‍ പഞ്ചായത്തിന്റെ ആവശ്യങ്ങളും അടിസ്ഥാന വിവരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് സംഘം കൈമാറി. പഞ്ചായത്തിന്റെ പ്രമേയവും കൈമാറിയിട്ടുണ്ട്. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, പഞ്ചായത്ത് അംഗങ്ങളായ ഷാജി പൊട്ടയില്‍, ബാബു മാങ്കോട്ടില്‍, ഉഷ അശോക് കുമാര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. കൊട്ടിയൂര്‍, അമ്പായത്തോട്, തലപ്പുഴ 44-ാം മൈല്‍ റോഡ് നിര്‍മ്മിക്കാന്‍ നടപടി ഉണ്ടാകണം എന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ യൂസര്‍ ഏജന്‍സിയെ നിശ്ചയിക്കണമെന്നും വകുപ്പിന്റെ പൊതുമരാമത്ത് ഫണ്ട് വിനിയോഗത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കണമെന്നും പാലുകാച്ചിയിലേക്ക് ഉള്ള രണ്ട് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. ഇതിന് പുറമെ ആരോഗ്യ വകുപ്പില്‍ ഒഴിവുള്ള നാല് തസ്തികളില്‍ നിയമനങ്ങള്‍ നടത്തണ മെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി വീണ ജോര്‍ജിന് നിവേദനം കൈമാറി. കൊട്ടിയൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിലേക്ക് ഡോക്ടര്‍മാര്‍, സ്റ്റാഫ് എന്നിവരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്കും നിവേദനം നല്‍കി.

ഏകദിന ശില്‍പ്പശാല

കേളകം: പഞ്ചായത്തിലെ അതി ദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടോമി പുളിക്കകണ്ടം ഉദ്ഘാടനം ചെയ്തു. സജീവന്‍ പാലുമ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ്, പഞ്ചായത്തംഗം ലീലാമ്മ ജോണി എന്നിവര്‍ സംസാരിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഗംഗാധരന്‍, കുഞ്ഞികൃഷ്ണന്‍, വ്യാസ് ഷാ എന്നിവര്‍ ക്ലാസെടുത്തു.

ഓണക്കിറ്റ് വിതരണോദ്ഘാടനം

കേളകം: കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന സഹകരണ ഓണം 2022 ന്റെ ഭാഗമായി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന്റെ ഓണക്കിറ്റ് വിതരണോദ്ഘാടനം കേളകം ത്രിവേണിയില്‍ വെച്ച് നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടോമി പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. സജീവന്‍ പാലുമ്മി അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് മാനേജര്‍ വിഭു കുമാര്‍ സംസാരിച്ചു. 475 രൂപയാണ് കിറ്റിന്റെ വില. ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാകുക.