കേരളത്തില്‍ അഞ്ച് ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റര്‍ മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളില്‍ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളില്‍ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങള്‍ ഉണ്ടാകാം. മഴ നിശ്ചിത അളവില്‍ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്, കളര്‍കോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.