Hivision Channel

Kerala news

കായിക വൃക്ഷം തയ്യാറാക്കി

അടയ്ക്കാത്തോട്: ഗവ.യു.പി സ്‌കൂളില്‍ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കായിക വൃക്ഷം തയ്യാറാക്കി. വിവിധ കായിക പ്രതിഭകളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് കായിക വൃക്ഷം അലങ്കരിച്ചു.

മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍; തദ്ദേശ സ്ഥാപന തല പരിശീലന ശില്പശാല

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍ തദ്ദേശ സ്ഥാപന തല പരിശീലന ശില്പശാല പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശൈലജ ടീച്ചര്‍, ജയരാജന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍,പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍ എന്നിവര്‍ സംസാരിച്ചു.

നിവേദനം നല്‍കി

വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂരിലെ ജനപ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ച് നിവേദനം നല്‍കി. ബഫര്‍സോണ്‍ വിഷയത്തില്‍ പഞ്ചായത്തിന്റെ ആവശ്യങ്ങളും അടിസ്ഥാന വിവരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് സംഘം കൈമാറി. പഞ്ചായത്തിന്റെ പ്രമേയവും കൈമാറിയിട്ടുണ്ട്. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, പഞ്ചായത്ത് അംഗങ്ങളായ ഷാജി പൊട്ടയില്‍, ബാബു മാങ്കോട്ടില്‍, ഉഷ അശോക് കുമാര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. കൊട്ടിയൂര്‍, അമ്പായത്തോട്, തലപ്പുഴ 44-ാം മൈല്‍ റോഡ് നിര്‍മ്മിക്കാന്‍ നടപടി ഉണ്ടാകണം എന്നും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ യൂസര്‍ ഏജന്‍സിയെ നിശ്ചയിക്കണമെന്നും വകുപ്പിന്റെ പൊതുമരാമത്ത് ഫണ്ട് വിനിയോഗത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കണമെന്നും പാലുകാച്ചിയിലേക്ക് ഉള്ള രണ്ട് റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. ഇതിന് പുറമെ ആരോഗ്യ വകുപ്പില്‍ ഒഴിവുള്ള നാല് തസ്തികളില്‍ നിയമനങ്ങള്‍ നടത്തണ മെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി വീണ ജോര്‍ജിന് നിവേദനം കൈമാറി. കൊട്ടിയൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിലേക്ക് ഡോക്ടര്‍മാര്‍, സ്റ്റാഫ് എന്നിവരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്കും നിവേദനം നല്‍കി.

ഏകദിന ശില്‍പ്പശാല

കേളകം: പഞ്ചായത്തിലെ അതി ദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടോമി പുളിക്കകണ്ടം ഉദ്ഘാടനം ചെയ്തു. സജീവന്‍ പാലുമ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ്, പഞ്ചായത്തംഗം ലീലാമ്മ ജോണി എന്നിവര്‍ സംസാരിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഗംഗാധരന്‍, കുഞ്ഞികൃഷ്ണന്‍, വ്യാസ് ഷാ എന്നിവര്‍ ക്ലാസെടുത്തു.

ഓണക്കിറ്റ് വിതരണോദ്ഘാടനം

കേളകം: കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന സഹകരണ ഓണം 2022 ന്റെ ഭാഗമായി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിന്റെ ഓണക്കിറ്റ് വിതരണോദ്ഘാടനം കേളകം ത്രിവേണിയില്‍ വെച്ച് നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടോമി പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. സജീവന്‍ പാലുമ്മി അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് മാനേജര്‍ വിഭു കുമാര്‍ സംസാരിച്ചു. 475 രൂപയാണ് കിറ്റിന്റെ വില. ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാകുക.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസര്‍ഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. കടലില്‍ മോശം കാലാസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്.

സമൃദ്ധിയുടെ സ്മരണകളുണര്‍ത്തി അത്തം പിറന്നു

സമൃദ്ധിയുടെ സ്മരണകളുണര്‍ത്തി അത്തം പിറന്നു.മാവേലിമന്നനെ വരവേല്‍ക്കാന്‍ നാടുണര്‍ന്നുകഴിഞ്ഞു. ഇനി തിരുവോണത്തിനായി പത്ത് നാളത്തെ കാത്തിരിപ്പുമാത്രം. പുതു പ്രതീക്ഷകളോടെയാണ് മലയാളികള്‍ ഓണാഘോഷങ്ങളിലേക്ക് കടക്കുന്നത്. പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിന്റെ തിരിനാളമാവുകയാണ് ഓണക്കാലം. പൂക്കളങ്ങള്‍ ഒരുക്കുന്നതിന് പ്രത്യേക ക്രമങ്ങളുണ്ട്. അത്ത ദിനത്തില്‍ തുമ്പമാത്രമാണ് പൂക്കളത്തില്‍ പതിവ്. പിന്നീട് നാളുകളും വിശേഷങ്ങളുമനുസരിച്ച് പൂക്കളും മാറും. പൂവേപൊലി പാടി പറമ്പുകള്‍ കയറിയിറങ്ങി പൂപ്പറിക്കുന്ന കുട്ടികളും മുറ്റത്ത് ചാണകം മെഴുകി പൂക്കളമൊരുക്കുന്ന വീടുകളും കുറവാണെങ്കിലും ഇതെല്ലാം മലയാളിയുടെ ഗൃഹാതുരതയുടെ ഭാഗമാണ്. പൂക്കളമിട്ടില്ലെങ്കിലും പൂപറിച്ചില്ലെങ്കിലും അത്തം തുടങ്ങിയാല്‍ പിന്നെ ലോകത്തെവിടയാണെങ്കിലും മലയാളിയുടെ മനസ്സില്‍ ഓണവിളികളാണ്. കോവിഡ് ഭീതിയിലാണ് ഇക്കുറി അത്തം പിറന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും പൂക്കളെത്തുന്നത് കുറയും അതുകൊണ്ട് തന്നെ ഇക്കുറി നാട്ടുപൂക്കള്‍ കൊണ്ടുവേണം പൂക്കളം തീര്‍ക്കാന്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കോവിഡ് ഓണാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കില്ലെങ്കിലും ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോരത്തെ ചില പ്രദേശങ്ങളെങ്കിലും ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഒരു കൂട്ടം കുരുന്നുകള്‍.

നിവേദനം നല്‍കി

ആറളം: ഫാമിലെ തൊഴിലാളികള്‍ക്കും, ജീവനക്കാര്‍ക്കും ശമ്പള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന മന്ത്രി കെ രാധാകൃഷ്ണന് നിവേദനം നല്‍കി. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട് കുടിശ്ശിക നല്‍കാന്‍ സബ് കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. എ.കെ.എസ് സംസ്ഥാന ജോയിന്‍ സെക്രട്ടറി പി.കെ സുരേഷ് ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി ലാല്‍, എ.കെ എസ് ജില്ലാ സെക്രട്ടറി കെ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

ഏകദിന മുഅയ്ത്തായി ട്രെയിനിങ് ക്യാമ്പ്

ഇരിട്ടി: കണ്ണൂര്‍ ജില്ലാ മുഅയ്ത്തായി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ ഏകദിന മുഅയ്ത്തായി ട്രെയിനിങ് ക്യാമ്പ് നടന്നു. മുഅയ്ത്തായി അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഗ്രാന്റ് മാസ്റ്റര്‍ യൂനുസ് കരുവാരക്കുണ്ട്, മുഅയ്തായ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡണ്ട് ഡോക്ടര്‍ വിന്നര്‍ ശരീഫ്, കണ്ണൂര്‍ ജില്ല മുഅയതായി അസോസിയേഷന്‍ സെക്രട്ടറി വാഹിദ് ടി.പി എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ റഷീദ്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അയ്യൂബ് പൊയിലന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ബോട്ടില്‍ബൂത്ത് സ്ഥാപിച്ചു

പെരുമ്പുന്ന: ടൗണില്‍ വാര്‍ഡ്മെമ്പര്‍ രഞ്ചുഷ നല്‍കിയ ബോട്ടില്‍ബൂത്ത് സാന്ത്വനം ക്ലബിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. മഹേഷ്, ബാബുജോസ്, മോഹനന്‍, സത്യന്‍ എന്നിവര്‍ സംസാരിച്ചു.