സമൃദ്ധിയുടെ സ്മരണകളുണര്‍ത്തി അത്തം പിറന്നു.മാവേലിമന്നനെ വരവേല്‍ക്കാന്‍ നാടുണര്‍ന്നുകഴിഞ്ഞു. ഇനി തിരുവോണത്തിനായി പത്ത് നാളത്തെ കാത്തിരിപ്പുമാത്രം. പുതു പ്രതീക്ഷകളോടെയാണ് മലയാളികള്‍ ഓണാഘോഷങ്ങളിലേക്ക് കടക്കുന്നത്. പ്രതിസന്ധിക്കാലത്ത് ആശ്വാസത്തിന്റെ തിരിനാളമാവുകയാണ് ഓണക്കാലം. പൂക്കളങ്ങള്‍ ഒരുക്കുന്നതിന് പ്രത്യേക ക്രമങ്ങളുണ്ട്. അത്ത ദിനത്തില്‍ തുമ്പമാത്രമാണ് പൂക്കളത്തില്‍ പതിവ്. പിന്നീട് നാളുകളും വിശേഷങ്ങളുമനുസരിച്ച് പൂക്കളും മാറും. പൂവേപൊലി പാടി പറമ്പുകള്‍ കയറിയിറങ്ങി പൂപ്പറിക്കുന്ന കുട്ടികളും മുറ്റത്ത് ചാണകം മെഴുകി പൂക്കളമൊരുക്കുന്ന വീടുകളും കുറവാണെങ്കിലും ഇതെല്ലാം മലയാളിയുടെ ഗൃഹാതുരതയുടെ ഭാഗമാണ്. പൂക്കളമിട്ടില്ലെങ്കിലും പൂപറിച്ചില്ലെങ്കിലും അത്തം തുടങ്ങിയാല്‍ പിന്നെ ലോകത്തെവിടയാണെങ്കിലും മലയാളിയുടെ മനസ്സില്‍ ഓണവിളികളാണ്. കോവിഡ് ഭീതിയിലാണ് ഇക്കുറി അത്തം പിറന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും പൂക്കളെത്തുന്നത് കുറയും അതുകൊണ്ട് തന്നെ ഇക്കുറി നാട്ടുപൂക്കള്‍ കൊണ്ടുവേണം പൂക്കളം തീര്‍ക്കാന്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കോവിഡ് ഓണാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കില്ലെങ്കിലും ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോരത്തെ ചില പ്രദേശങ്ങളെങ്കിലും ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഒരു കൂട്ടം കുരുന്നുകള്‍.