കൊട്ടിയൂര്‍: ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ടുനോക്കി ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി വേലികകത്ത്, പി.സി രാമകൃഷ്ണന്‍, റോയി നമ്പുടാകം, ജോണി ആമക്കാട്ട്, റെയ്സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഹ്ലാദ പ്രകടനത്തിന് ശേഷം മണ്ഡലം വൈസ് പ്രസിഡണ്ടുമാരായി ജില്‍സ് എം മേക്കല്‍, തോമസ് പോള്‍, ജനറല്‍ സെക്രട്ടറിമാരായി അജീഷ് ഇരിങ്ങോളില്‍,റെജിഷ് കുളങ്ങര എന്നിവര്‍ പുതിയതായി ചുമതലേയറ്റു.
കണ്ണൂര്‍ ജില്ലയിലെ വനാതിര്‍ത്തികളില്‍ കാട്ടാനയുമായുള്ള സംഘര്‍ഷം വര്‍ധിച്ച് കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുകയും മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയായി മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത്. വനം വകുപ്പുമായി ചേര്‍ന്ന് ആദ്യഘട്ടത്തില്‍ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 11 കിലോമീറ്റര്‍ തൂക്കുവേലി പൂര്‍ത്തിയായി കഴിഞ്ഞു. പയ്യാവൂര്‍ മണിക്കടവ് ശാന്തിനഗറിലെ സൗരോര്‍ജ തൂക്കുവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ എന്നിവരടങ്ങിയ സംഘം തിങ്കളാഴ്ച സന്ദര്‍ശിച്ചു. ഉദയഗിരി, ഉളിക്കല്‍, എരുവേശ്ശി ഗ്രാമപഞ്ചായത്തുകളിലും തൂക്കുവേലി സ്ഥാപിക്കും. ഇതോടെ വനാതിര്‍ത്തിയിലെ 41 കിലോമീറ്ററില്‍ സൗരോര്‍ജ തൂക്കുവേലിയുടെ സംരക്ഷണം ലഭിക്കും. ജില്ലാ പഞ്ചായത്ത് വിഹിതത്തിനൊപ്പം ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മലയോര ഗ്രാമസഭയില്‍ നിന്നും പ്രധാനമായി ഉയര്‍ന്നുവന്ന നിര്‍ദേശം തൂക്കുവേലി സ്ഥാപിക്കണം എന്നതായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്നകുമാരി, അംഗം എന്‍ പി ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടെസ്സി ഇമ്മാനുവല്‍( എരുവേശ്ശി) സാജു സേവ്യര്‍(പയ്യാവൂര്‍), കെ എസ് ചന്ദ്രശേഖരന്‍(ഉദയഗിരി), പി സി ഷാജി(ഉളിക്കല്‍), കണ്ണൂര്‍ ഡി എഫ് ഒ പി കാര്‍ത്തിക് എന്നിവരും തൂക്കുവേലി സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 11 കിലോ മീറ്ററില്‍ തൂക്കുവേലി സ്ഥാപിച്ചതിന് ജില്ലാ പഞ്ചായത്ത് വിഹിതം 45 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതം 30 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷവുമാണ്. ഉദയഗിരി ഗ്രാമപഞ്ചായത്തില്‍ 11 കിലോ മീറ്ററിലാണ് തൂക്കുവേലി സ്ഥാപിക്കുക. ജില്ലാ പഞ്ചായത്ത് 50 ലക്ഷവും ഗ്രാമപഞ്ചായത്ത് 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷവും ലക്ഷം ചെലവഴിക്കും. ഉളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 14.5 കിലോ മീറ്ററിലെ തൂക്കുവേലിക്ക് ജില്ലാ പഞ്ചായത്ത് 35 ലക്ഷവും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ അഞ്ച് ലക്ഷം വീതവും ചെലവഴിക്കും. എരുവേശ്ശി ഗ്രാമപഞ്ചായത്തില്‍ നാലര കിലോ മീറ്റര്‍ തൂക്കുവേലിക്ക് ജില്ലാ പഞ്ചായത്ത് 35 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 8.25 ലക്ഷവും ഗ്രാമപഞ്ചായത്ത് 5000 രൂപയും ചെലവഴിക്കും.
ഇരിട്ടി: നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വയംതൊഴില്‍ കണ്ടെത്തലിന് നല്‍കുന്ന കാട് തെളിക്കുന്ന മിഷ്യന്റെ വിതരണവും, മാലിന്യ മുക്തപരിപാടികളുടെ ഭാഗമായി കേരള സര്‍ക്കാര്‍ ആരംഭിച്ച വലിച്ചെറിയല്‍ മുക്ത കേരളം പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനവും കീഴൂര്‍ കാമ്യാട് വളവില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സോയ, കൗണ്‍സിലര്‍മാരായ കെ.മുരളിധരന്‍, പി.രഘു, കെ.പിഅജേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹനന്‍, ജെ.എച്ച്.ഐ അനിത എം.ജി, ഹരിത മിഷന്‍ കോ.ഓഡിനേറ്റര്‍ എം.രസിന്ത് എന്നിവര്‍ സംസാരിച്ചു.
മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു. 73 വയസായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. സംസ്‌കാരം നാളെ വൈകിട്ട് സുല്‍ത്താന്‍ ബത്തേരി ഇരുളം ഗീതാ ഗാര്‍ഡന്‍സ് വീട്ടുവളപ്പില്‍ നടക്കും. ജില്ലാ ജഡ്ജി , പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവര്‍ഷം തികയുകയാണ്. ഭൂരിപക്ഷ മതവര്‍ഗീയതയുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദുരാഷ്ട്രവാദികള്‍ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലീം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടത്.
ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ആര്‍എസ്എസ് ആണ് ഇന്ന് രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെ നയിക്കുന്നതും ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍ പറത്തി മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ വിശാല അര്‍ത്ഥത്തില്‍ ജനാധിപത്യ പ്രതിരോധമുയര്‍ത്താന്‍ തയ്യാറാവുക എന്നതാണ് ഈ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നാം ഏറ്റെടുക്കേണ്ട കടമ. ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം ഈ ദിനത്തിലെ നമ്മുടെ ഓരോരുത്തരുടെയും പ്രതിജ്ഞയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷികം. സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിത്വമായിരുന്നു ഗാന്ധി . അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും ലോകനേതാവായുമാണ് നാം കാണുന്നത്. ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’ എന്ന് പറഞ്ഞ അദ്ദേഹം അത് പ്രായോഗികമാക്കി. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിക്ക് കഴിഞ്ഞു.
ഡല്‍ഹിയിലെ ബിര്‍ല ഹൗസിനടുത്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിയെ തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്‌സെയാണ് വെടിവെച്ച് കൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വര്‍ഗീയകലാപങ്ങള്‍ ഇല്ലാതാക്കി സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍ വാപൃതമായിരിക്കെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്.
1948 ജനുവരിയിലെ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ മഹാത്മാഗാന്ധിയുടെ ജീവനെടുക്കുന്നതില്‍ വിജയിച്ചത്. ജനുവരി 20 ന് ഡല്‍ഹിയിലെ ബിര്‍ലാഹൗസിനടുത്ത് ഒരു പാര്‍ക്കില്‍ പൊതുപ്രസംഗത്തിനിടെ ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നാഥുറാംവിനായക് ഗോഡ്‌സേയുടെ നേതൃത്വത്തിലായിരുന്നു വധശ്രമം. ഗാന്ധി സംസാരിക്കുമ്പോള്‍ ഗോഡ്‌സെയുടെ സംഘത്തിലെ ഒരാള്‍ ഒരു ഗ്രനേഡ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ദൂരേക്ക് എറിയുന്നു. സ്‌ഫോടന ശബ്ദം കേട്ട് ആളുകള്‍ ചിതറിയോടി. അപ്പോള്‍ ഗാന്ധിയ്ക്ക് നേരെ ഗ്രനേഡ് എറിയുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ ആ ദൗത്യം ഏല്‍പ്പിക്കപ്പെട്ട മദന്‍ലാല്‍ പഹ്വയ്ക്ക് കൃത്യം ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാം ഗ്രനേഡ് എറിയാതെ അയാള്‍ ഓടിപ്പോയി.
അതിനുശേഷം വെറും പത്തു ദിവസത്തിന് ശേഷമാണ് ബിര്‍ല ഹൗസിനടുത്ത് തന്നെ പ്രാര്‍ത്ഥനാപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ചു കൊന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലുമായുള്ള കൂടിക്കാഴ്ച അല്‍പം നീണ്ടുപോയ ഗാന്ധി പ്രാര്‍ത്ഥനയ്ക്ക് അല്‍പം വൈകിയാണ് ഇറങ്ങുന്നത്. സന്തത സഹചാരികളായ മനു ഗാന്ധി, ആഭ ഗാന്ധി എന്നിവര്‍ക്കൊപ്പമാണ് ഗാന്ധി നടന്നു നീങ്ങിയത്. 200 അടിയായിരുന്നു ഗാന്ധിയുടെ അവസാന സഞ്ചാരത്തിന്റെ ദൈര്‍ഘ്യം . ആള്‍ക്കൂട്ടത്തില്‍ നിന്ന് തിക്കിത്തിരക്കി തന്റെ മുന്നിലേക്ക് വന്ന ഗോഡ്‌സേയുടെ മുന്നില്‍ ആ യാത്ര അവസാനിച്ചു.
പേരാവൂര്‍: ജനുവരി 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പേരാവൂര്‍ റീജിയണല്‍ ബാങ്ക് സെക്രട്ടറി ബാവച്ചന്‍ തോമസിന് സ്റ്റാഫ് കൗണ്‍സിലും ബാങ്ക് ഭരണസമിതിയും സംയുക്തമായി നല്‍കുന്ന യാത്രയയപ്പ് സമ്മേളനവും കുടുംബ സംഗമവും പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ അജിഷ്, ടി ജയശ്രീ, കെ സമീറ, പ്രമോദ്, ജിജി ജോയി, കെ ശശീന്ദ്രന്‍ മാസ്റ്റര്‍, എം.എസ് വാസുദേവന്‍, സി.ടി അനീഷ്, പി.വി പ്രഭാകരന്‍, കെ.കെ രാമചന്ദ്രന്‍, വി.വി ബാലകൃഷ്ണന്‍, അഡ്വ. എം രാജന്‍, സി.പി ബാബു, എം.സി ഷാജു, പി.വി രാജേഷ്, എം രാജീവന്‍, എന്‍.കെ ശ്രീകല, വി പത്മനാഭന്‍, ബാവച്ചന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജാണ് കുത്തേറ്റ് മരിച്ചത്. നാല് മലയാളികള്‍ക്കും പരുക്കേറ്റു. ഇരുപത്തിമൂന്ന് വയസാണ് സൂരജിന്. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടയിലാണ് കുത്തേറ്റത്. അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടില്‍ എത്തിയത്. ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍ സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്.
ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംബസിയുടെ സ്ഥിരീകരണവുമുണ്ട്.അഞ്ച് മാസം മുമ്പ് വെയര്‍ ഹൗസ് സൂപ്പര്‍വൈസറായാണ് സൂരജ് ജോലിക്കായി പോളണ്ടിലെത്തിയത്. ഇന്നലെ വൈകിട്ട് മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് തര്‍ക്കമുണ്ടാവുകയും പിന്നീട് കൊലപാതകത്തിലേക്ക് എത്തുകയും ചെയ്തത്.
ഭാരത് ജോഡോ യാത്രയുടെ പദയാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. ഭാരത് ജോഡ് യാത്രയുടെ നാളത്തെ സമാപന സമ്മേളനം രാജ്യത്ത് രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ശ്രീനഗറിലെ പന്ത ചൗക്ക് മുതല്‍ ലാല്‍ ചൗക്ക് വരെയായിരുന്നു അവസാന ദിവസത്തെ പദയാത്ര. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പത്തുമണിയോടെ ഇന്നത്തെ പദയാത്ര ആരംഭിച്ചു. പ്രിയങ്ക ഗാന്ധി അടക്കമുള്ള എല്ലാ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യാത്രയുടെ ഭാഗമായി. കേരളത്തില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് ഇന്നും യാത്രയുടെ ഭാഗമായത്. ഭാരത് ജോഡോ യാത്രയുടെ മുന്‍ നിരയില്‍ കേരള സംഘം മുദ്രാവാക്യം വിളിച്ചു നീങ്ങി. പദയാത്ര ലാല്‍ ചൗക്കില്‍ എത്തിയതോടെ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തി.
സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിക്കും ബാലനീതി നിയമം വിഭാവനം ചെയ്യുന്ന ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. വളരെ വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികളുടെ കാര്യങ്ങള്‍ പരിഗണിക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന തരത്തില്‍ അനുഭാവവും ശിശു സൗഹൃദവും ആയിരിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായി വനിത ശിശു വികസന വകുപ്പ് കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബാലനീതി നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ നിന്നായി 90 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
ബാലനീതി നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉത്തരവുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്നിവയിലായിരുന്നു പരിശീലനം.