Hivision Channel

കാട്ടാനശല്യം: വനാതിര്‍ത്തിയില്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കുന്നു; ജില്ലാ പഞ്ചായത്ത് സംഘം സന്ദര്‍ശിച്ചു

കണ്ണൂര്‍ ജില്ലയിലെ വനാതിര്‍ത്തികളില്‍ കാട്ടാനയുമായുള്ള സംഘര്‍ഷം വര്‍ധിച്ച് കൃഷിയിടങ്ങള്‍ നശിപ്പിക്കപ്പെടുകയും മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയായി മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത്. വനം വകുപ്പുമായി ചേര്‍ന്ന് ആദ്യഘട്ടത്തില്‍ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 11 കിലോമീറ്റര്‍ തൂക്കുവേലി പൂര്‍ത്തിയായി കഴിഞ്ഞു. പയ്യാവൂര്‍ മണിക്കടവ് ശാന്തിനഗറിലെ സൗരോര്‍ജ തൂക്കുവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ എന്നിവരടങ്ങിയ സംഘം തിങ്കളാഴ്ച സന്ദര്‍ശിച്ചു. ഉദയഗിരി, ഉളിക്കല്‍, എരുവേശ്ശി ഗ്രാമപഞ്ചായത്തുകളിലും തൂക്കുവേലി സ്ഥാപിക്കും. ഇതോടെ വനാതിര്‍ത്തിയിലെ 41 കിലോമീറ്ററില്‍ സൗരോര്‍ജ തൂക്കുവേലിയുടെ സംരക്ഷണം ലഭിക്കും. ജില്ലാ പഞ്ചായത്ത് വിഹിതത്തിനൊപ്പം ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മലയോര ഗ്രാമസഭയില്‍ നിന്നും പ്രധാനമായി ഉയര്‍ന്നുവന്ന നിര്‍ദേശം തൂക്കുവേലി സ്ഥാപിക്കണം എന്നതായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്നകുമാരി, അംഗം എന്‍ പി ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടെസ്സി ഇമ്മാനുവല്‍( എരുവേശ്ശി) സാജു സേവ്യര്‍(പയ്യാവൂര്‍), കെ എസ് ചന്ദ്രശേഖരന്‍(ഉദയഗിരി), പി സി ഷാജി(ഉളിക്കല്‍), കണ്ണൂര്‍ ഡി എഫ് ഒ പി കാര്‍ത്തിക് എന്നിവരും തൂക്കുവേലി സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.
പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 11 കിലോ മീറ്ററില്‍ തൂക്കുവേലി സ്ഥാപിച്ചതിന് ജില്ലാ പഞ്ചായത്ത് വിഹിതം 45 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതം 30 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷവുമാണ്.
ഉദയഗിരി ഗ്രാമപഞ്ചായത്തില്‍ 11 കിലോ മീറ്ററിലാണ് തൂക്കുവേലി സ്ഥാപിക്കുക. ജില്ലാ പഞ്ചായത്ത് 50 ലക്ഷവും ഗ്രാമപഞ്ചായത്ത് 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷവും ലക്ഷം ചെലവഴിക്കും.
ഉളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 14.5 കിലോ മീറ്ററിലെ തൂക്കുവേലിക്ക് ജില്ലാ പഞ്ചായത്ത് 35 ലക്ഷവും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ അഞ്ച് ലക്ഷം വീതവും ചെലവഴിക്കും. എരുവേശ്ശി ഗ്രാമപഞ്ചായത്തില്‍ നാലര കിലോ മീറ്റര്‍ തൂക്കുവേലിക്ക് ജില്ലാ പഞ്ചായത്ത് 35 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 8.25 ലക്ഷവും ഗ്രാമപഞ്ചായത്ത് 5000 രൂപയും ചെലവഴിക്കും.

Leave a Comment

Your email address will not be published. Required fields are marked *