Hivision Channel

കണ്ണൂര്‍ വിമാനത്താവള വികസനം വേഗത്തിലാക്കണം; ജില്ലാ പഞ്ചായത്ത്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനം വേഗത്തിലാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. വിദേശ വിമാനകമ്പനികള്‍ക്ക് കണ്ണൂരില്‍നിന്ന് പ്രവര്‍ത്തന അനുമതി നല്‍കണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനിയും പോയിന്റ് ഓഫ് കാള്‍ സ്റ്റാറ്റസ് അനുവദിച്ചിട്ടില്ല. ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കണം എന്നത് മറ്റൊരു ്രപധാന ആവശ്യമാണ്. കണ്ണൂര്‍ വിമാനത്താവളം വന്നതോടെ ഉത്തരമലബാറില്‍ വലിയ വികസന സാധ്യതകളാണ് ഉയര്‍ന്നുവന്നത്. പ്രസിഡണ്ട് പി പി ദിവ്യ അവതരിപ്പിച്ച പ്രമേയത്തെ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ പിന്തുണച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രമേയം ഐകകണ്‌ഠ്യേന അംഗീകരിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ലഘുഭക്ഷണം, സ്റ്റേഷനറി ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കിയോസ്‌കുകള്‍ ജില്ലയിലെ സ്‌കൂളുകളില്‍ തുടങ്ങാന്‍ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തുക അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. മുറി ഉള്‍പ്പെടെ ഒരുക്കാന്‍ ഒന്നര ലക്ഷം രൂപയും മുറി ഉള്ളവര്‍ക്ക് 50,000 രൂപയുമാണ് അനുവദിച്ചത്. വിവിധ സ്ത്രീ സംരംഭകര്‍ക്കും ഗ്രൂപ്പുകള്‍ക്കും സഹായം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആയോധന കലാ പരിശീലനത്തിന് അപേക്ഷിച്ച 24 പഞ്ചായത്തുകളില്‍ കരാട്ടെ, അഞ്ച് പഞ്ചായത്തുകളില്‍ കളരി എന്നിവ പരിശീലിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, സെക്രട്ടറി ഇന്‍ ചാര്‍ജ് റ്റൈനി സൂസണ്‍ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *