
കൊല്ലം പുത്തൂര്‍ മാറനാട്ട് സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. മാറനാട് സ്വദേശി വിജയകുമാറാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനെടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് പുത്തൂര്‍ മാറനാട് സ്വദേശിയായ വിജയമ്മയുടെ വീടിനു മുന്നിലെ ഒഴിഞ്ഞ പറമ്പില്‍ തീ പടരുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായി. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകില്‍ തീ പടര്‍ന്നു എന്നാണ് ആദ്യം ധരിച്ചത്. ഇന്ന് രാവിലെ നടത്തിയ വിശദ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത വിജയകുമാര്‍ വിജയമ്മയുടെ വീട് സമീപമായിരുന്നു താമസിച്ചിരുന്നത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു വിജയകുമാര്‍ . പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളുകളായി ജോലിക്ക് പോയിരുന്നില്ല. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടായിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുത്തൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.