
കേന്ദ്ര പദ്ധതികള്‍ക്ക് നല്‍കുന്ന വിഹിതം കൂടി പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ മുഴുവന്‍ പദ്ധതി വിഹിതത്തിന്റെയും ഏതാണ്ട് 42 ശതമാനം തുകയും നേരിട്ട് ചെലവഴിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ ജിജു പി. അലക്സ് പറഞ്ഞു. കണ്ണൂരില്‍ ജില്ലാ പഞ്ചായത്തിന്റെ കരട് പദ്ധതി രേഖ 2023-24 ചര്‍ച്ച ചെയ്യുന്നതിനുള്ള വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിനും കോവിഡിനും പുറമെ കേന്ദ്രസര്‍ക്കാറിന്റെ പ്രതിലോമ സാമ്പത്തിക നയവും ഉണ്ടാക്കിയ രൂക്ഷമായ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ കേരളം മാത്രമാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ പദ്ധതിയുടെ 27.19 ശതമാനം നീക്കി വെച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട 40 ശതമാനം വിഹിതം ഇതിന് പുറമെയാണ്. സംസ്ഥാനത്തിന്റെ 100 രൂപയില്‍ 42 രൂപയും ചെലവഴിക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. ബാക്കി മാത്രമേ സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കുന്നുള്ളൂ. അതിനാല്‍, സാമ്പത്തിക പ്രശ്നങ്ങളില്‍നിന്ന് കര കയറുന്നതിന് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ അതേ തീവ്രതയില്‍, കാര്യക്ഷമതയില്‍ നടപ്പിലാക്കാനുള്ള വലിയ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടത് കൃത്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കണം. ഓരോ മേഖലയിലും എത്രത്തോളം വളര്‍ച്ചയാണ് കൈവരിക്കേണ്ടത് എന്ന് ആസൂത്രണം ചെയ്യാന്‍ കഴിയണം. തദ്ദേശ സ്ഥാപനങ്ങള്‍ 25 വര്‍ഷം കൊണ്ട് കൈവരിച്ച മുഴുവന്‍ മേന്മയും ശേഷിയും ഉപയോഗിച്ച് കുറച്ചു കൂടി വസ്തുനിഷ്ഠമായ, പ്രൊഫഷനലായ പദ്ധതി ആസൂത്രണത്തിലേക്കും നിര്‍വഹണത്തിലേക്കും എത്തേണ്ടതുണ്ട്. ചെലവഴിക്കുന്ന ഓരോ പൈസയും കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയണം.
കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണം, വേസ്റ്റ് മാനേജ്മെന്റ്, ക്ലീന്‍ എന്‍വയോണ്‍മെന്റ്, സംരംഭകത്വം തുടങ്ങി നാം ഇത്രയും കാലം കൈവെച്ചിട്ടില്ലാത്ത, പരിചയമില്ലാത്ത വിഷയങ്ങളെ പദ്ധതികളിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയണം. തദ്ദേശ സ്ഥാപന വിഹിതം ഏറ്റവും പൗരാണികമായ, പ്രാചീനമായ സങ്കേതങ്ങള്‍ ഉപയോഗിച്ചും ബാക്കി സര്‍ക്കാറിന്റെ വിഹിതം ഏറ്റവും പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ചും ചെയ്യാന്‍ കഴിയില്ല. 100 ശതമാനം തുകയും ഏറ്റവും ആധുനികമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് ചെയ്യേണ്ടതുണ്ട്. ആ തരത്തിലുള്ള സ്വയംപഠനവും സ്വയം നവീകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ യു പി ശോഭ അവതരിപ്പിച്ച 2023-24 കരട് പദ്ധതി രേഖയില്‍ മുന്നൂറോളം പദ്ധതികളിന്‍മേല്‍ 16 ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ച നടത്തി. വന്യമൃഗ സംരക്ഷണ മേഖലയില്‍ റിപ്പല്ലന്റ്സ്, സ്‌കെയ്റേഴ്സ്, അലാം, സിഗ്നലുകള്‍ സ്ഥാപിക്കല്‍, സൗരോര്‍ജവേലി, കണ്ണൂര്‍ ചില്ലീസ് മുളക് കൃഷി പദ്ധതി, ചെറുധാന്യം, സൂര്യകാന്തി കൃഷി വ്യാപനം, കണ്ണൂര്‍ ഹെറിറ്റേജ് ബിനാലെ, മലയാളം പുസ്തകങ്ങളുടെ ബ്രെയിലി ലിപി അച്ചടി, പട്ടികജാതി വിഭാഗക്കാര്‍ക്ക് അണിയലം നിര്‍മ്മാണ കേന്ദ്രങ്ങള്‍, ശ്മശാനങ്ങളുടെ നവീകരണം, കവിതകളുടെ സര്‍ഗാത്മക പഠനം, ടൂറിസം കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം, പൈതല്‍മല, പാലക്കയംതട്ട്, ചാല്‍ബീച്ച് എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ കാറ്റാടി യന്ത്രം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം എന്നിവ ശ്രദ്ധേയമായ പദ്ധതി നിര്‍ദേശങ്ങളാണ്.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ പ്രത്യേക ഘടക പദ്ധതികള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. കെ കെ രത്നകുമാരി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി എം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.














