
വയനാട്ടില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാലര വയസുകാരന്‍ മേപ്പാടി ഓടത്തോട് സ്വദേശി മുഹമ്മദ് യാമിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഓടത്തോട് ജുമാമസ്ജിദില്‍ ഉച്ചക്ക് ഒരു മണിക്കാണ് ചടങ്ങുകള്‍.
ഇന്നലെ രാത്രി മേപ്പാടി വടുവഞ്ചാല്‍ റോഡില്‍ നെടുങ്കരണ ടൗണില്‍ വെച്ചാണ് യാമിനും കുടുംബവും സഞ്ചരിച്ച ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ മാതാവ് സുബൈറയ്ക്കും, സഹോദരന്‍ മുഹമ്മദ് അമീനും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ തന്നെ കാട്ടുപന്നി ശല്യം നേരിടുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്.