
തിരുവനന്തപുരം പേട്ടയില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പൊലീസ് വീഴ്ചയടക്കം ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതിയെ പിടികൂടാന്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ച് വരികയാണ്.പ്രതിയെ ഉടന്‍ പിടികൂടണമെന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആദ്യ ഘട്ട വീഴ്ചയെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നു പേട്ട സ്റ്റേഷനിലെ രണ്ടു സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പരാതി കൃത്യ സമയത്തു ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു സംഭവം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ പിന്തുടര്‍ന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തുകായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകള്‍ പേട്ട പൊലീസില്‍ വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട പൊലീസ് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുത്തത്.














