
ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജനപ്രാതിനിധ്യ നിയമത്തിലെ ഈ വ്യവസ്ഥ റദ്ദാക്കണം. കുറ്റകൃത്യങ്ങളുടെ സ്വഭാവം, ഗൗരവം, വ്യാപ്തി എന്നിവ പരിഗണിക്കാതെയുള്ള അയോഗ്യത, സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തിലാണ് സാമൂഹിക പ്രവര്‍ത്തകനായ ആഭാ മുരളീധരന്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തിന്റെയോ നിയമസഭാ സാമാജികന്റെയോ അഭിപ്രായസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നതാണ് സെക്ഷന്‍ 8(3) എന്ന് മുരളീധരന്‍ ഉന്നയിക്കുന്നു.
1951 നിയമത്തിലെ സെക്ഷന്‍ 8, സെക്ഷന്‍ 8 എ, 9, 9 എ, 10, 10 എ, 11 എന്നിവയുടെ ഉപവകുപ്പ് (1) ന് വിരുദ്ധമാണ് സെക്ഷന്‍ 8(3) എന്ന് ഹര്‍ജിയില്‍ പറയുന്നു. ഹീനമായ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുക. മേല്‍ക്കോടതിയില്‍ അപ്പീല്‍ അടക്കം നല്‍കാന്‍ അവസരമുണ്ടെന്ന് ഇരിക്കെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സെക്ഷന്‍ 8(4) റദ്ദാക്കിയ സുപ്രീം കോടതിയുടെ ലില്ലി തോമസ് വിധി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ഉന്നയിരിക്കുന്നു.














