
കായിക രംഗത്ത് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും പുതിയ കായിക നയം പ്രാബല്യത്തില്‍ വരുന്നതോടെ കായിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലയിലെ കായിക താരങ്ങള്‍ക്കുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കായിക താരങ്ങള്‍ക്ക് തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനായി സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് എം ബി എ പോലുള്ള പുതിയ കോഴ്‌സുകള്‍ ഉള്‍പ്പെടെ ആരംഭിക്കുകയാണ്. അവ പഠിക്കുന്നവര്‍ക്ക് വിദേശങ്ങളില്‍ പോലും നല്ല ജോലി സാധ്യതയാണ് ഒരുങ്ങുന്നത്.
കായിക താരങ്ങളുടെ മത്സരങ്ങളിലേക്കും, ജോലിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആണെന്ന് ഉറപ്പ് വരുത്തും. ഇതിനായി സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം രൂപപ്പെടുത്താനുള്ള നടപടികളുമായി കായിക വകുപ്പ് മുന്നോട്ട് പോവുകയാണ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ നേരിട്ട് സര്‍ട്ടിഫിക്കേഷന്‍ നല്‍കുകയാണ് ചെയ്യുക. മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
കായിക മേഖലയെ എല്ലാത്തരത്തിലും ജനകീയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 14 ജില്ലകളില്‍ പുതിയ കായിക കേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ജില്ലാ സ്റ്റേഡിയങ്ങള്‍ പണിയുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഏഴ് ജില്ലകളില്‍ പ്രവൃത്തി ഏകദേശം പൂര്‍ത്തിയായി. 50 കോടി രൂപയാണ് കണ്ണൂര്‍ ജില്ലയ്ക്കായി അനുവദിച്ചത്. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി 412 കളിക്കളങ്ങളാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കേണ്ടത്. അതില്‍ 25 എണ്ണത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നു. അടിത്തട്ടില്‍ നിന്നുള്ള മാറ്റമാണ് കായിക രംഗത്തിന് ആവശ്യം. ഇതിനായി ജില്ലാതല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തോടൊപ്പം പഞ്ചായത്ത് തല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനവും നല്ല രീതിയില്‍ നടത്തേണ്ടതുണ്ട്. മന്ത്രി പറഞ്ഞു.
2022-23 കാലയളവില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് അന്തര്‍ദേശീയ – ദേശീയ സംസ്ഥാനതല മത്സരങ്ങളില്‍ മെഡല്‍ നേടിയതും പങ്കെടുത്തതുമായ 294 കായിക താരങ്ങളെയാണ് ചടങ്ങില്‍ അനുമോദിച്ചത്. അന്തര്‍ദേശീയ വിഭാഗത്തില്‍ പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ കെ വി നന്ദന, വെള്ളി നേടിയ അല്‍ക രാഘവ്, സാഫ് ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തില്‍നിന്നും ദേശിയ കാമ്പിലേക്ക് തെരെഞ്ഞെടുത്ത ബി എല്‍ അഖില എന്നിവര്‍ മന്ത്രിയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥിരം സമിതി അംഗവുമായ കെ സി ലേഖ, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥിരം സമിതി അംഗവുമായ സി കെ വിനീത് എന്നിവരില്‍ നിന്നും കായിക താരങ്ങള്‍ അനുമോദനം ഏറ്റുവാങ്ങി. കായിക മന്ത്രി, ജില്ലാ കലക്ടര്‍, കെ സി ലേഖ, സി കെ വിനീത്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥിരം സമിതി അംഗം വി കെ സനോജ് എന്നിവര്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉപഹാരം നല്‍കി.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ. പി പി ബിനീഷ്, സെക്രട്ടറി ഷിനിത്ത് പാട്യം, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ എം എ നിക്കോളാസ് തുടങ്ങിയവര്‍ പങ്കെടുത്തു.














