
ഏറ്റവും വലിയ തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി തൊഴില്‍ വകുപ്പ് മാറിയെന്ന് മന്ത്രി വി ശിവന്‍ കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത് നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് നിയുക്തി തൊഴില്‍മേള 2023 എന്ന പേരില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇടനിലക്കാരില്ലാതെ സൗജന്യമായാണ് സംസ്ഥാനത്ത് തൊഴില്‍ വകുപ്പ് തൊഴില്‍ റിക്രൂട്ട്‌മെന്റ് സേവനം ലഭ്യമാക്കി വരുന്നത്. തൊഴിലുടമകളെയും ഉദ്യോഗാര്‍ത്ഥികളെയും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നത്. ഉദ്യോഗദായകര്‍ക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും ഈ മേളകള്‍ വഴി കഴിയുന്നുണ്ടെന്ന് മന്ത്രിപറഞ്ഞു.
തലശ്ശേരി ക്രൈസ്റ്റ് കോളേജില്‍ നടന്ന ചടങ്ങില്‍ തലശ്ശേരി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ എം ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. എം വിജിന്‍ എം എല്‍ എ, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ടി സുധീര്‍കുമാര്‍ , കോഴിക്കോട് മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി വി രാജീവന്‍ , ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രമേശന്‍ കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.

രാവിലെ 9 മണിക്കാരംഭിച്ച മേള വൈകീട്ട് അവസാനിച്ചു. 4461 തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയത്. ഐ ടി, മാനേജ്‌മെന്റ്, എഞ്ചിനിയറിംങ് , കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റല്‍, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍ തുടങ്ങി വിവിധ മേഖലകളിലെ 74 പ്രമുഖ സ്ഥാപനങ്ങള്‍ മേളയുടെ ഭാഗമായി. മൂവായിരത്തി മുന്നൂറിലേറെ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.














