
സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തികള്‍ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട എം എല്‍ എ മാര്‍ , വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് വന സൗഹൃദ സദസ്സ് നടത്താന്‍ തീരുമാനിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്.
2023 ഏപ്രില്‍ 2-ന് രാവിലെ 10.30-ന് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് വന സൗഹൃദ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രിമാര്‍, എം.പിമാര്‍, ബന്ധപ്പെട്ട എം.എല്‍.എമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര് എന്നിവര്‍ പങ്കെടുക്കും. ഈ പരിപാടി ഏപ്രില്‍ 28-ന് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സമാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വന സൗഹൃദ സദസ്സ്് സംഘടിപ്പിക്കുന്നത്.
ജനങ്ങളും വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായും ന്യായമായും പരിഹരിക്കുവാനും പ്രസ്തുത മേഖലയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.














