Hivision Channel

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്‍; ആദ്യഘട്ടം ജൂണ്‍ അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കണം

കണ്ണൂര്‍:’നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിന് മുന്‍പ് പൂര്‍ത്തിയാക്കി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷര്‍, സെക്രട്ടറിമാര്‍, അസി. സെക്രട്ടറിമാര്‍, നോഡല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്കായി നടത്തിയ ശില്‍പശാലയിലാണ് നിര്‍ദേശം. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മുഴുവന്‍ മാലിന്യവും ജൂണ്‍ അഞ്ചിനകം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിക്കും. തുടര്‍ന്ന് ഇവ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും മാലിന്യമുക്ത പൊതുയിടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചത്.
ഓരോ പ്രദേശത്തും മാലിന്യ സംസ്‌കരണത്തിന് ജനകീയകൂട്ടായ്മ വളര്‍ത്തിയെടുത്ത് നൂറ് ശതമാനം ജൈവമാലിന്യവും ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക, അജൈവ മാലിന്യവും പാഴ് വസ്തുക്കളുടെയും വാതില്‍പ്പടി ശേഖരണം നൂറ് ശതമാനമാക്കുക, പൊതുഇടങ്ങളിലെ മാലിന്യ കൂനകള്‍ നീക്കം ചെയ്യുന്നതോടൊപ്പം വീണ്ടും അവിടെ പാഴ് വസ്തുക്കള്‍ വലിച്ചെറിയാതിരിക്കാന്‍ മാപ്പിങ് സംവിധാനം ഏര്‍പ്പെടുത്തുക, ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഇതിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 30ന് ശുചിത്വ ഹര്‍ത്താല്‍ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജനകീയപങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമെ ഈ പദ്ധതി വിജയകരമാവുകയുള്ളൂ. അതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് തല ജാഗ്രതസമതികള്‍ ശക്തിപ്പെടുത്തി വീട് സന്ദര്‍ശനവും സ്ഥാപനസന്ദര്‍ശനവും നടത്തണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍, മതനേതാക്കള്‍ തുടങ്ങിയവരെ കൊണ്ട് സഹകരിക്കാത്ത ആളുകളെ അനുനയിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കണം. എന്നിട്ടും പൊതുഇടങ്ങളില്‍ മറ്റും മാലിന്യം വലിച്ചെറിയുകയും ശരിയായ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്താതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ദുരന്ത നിവാരണ നിയമ പ്രകാരം പിഴ ചുമത്താനും നിയമനടപടി സ്വീകരിക്കാനും കഴിയും. ബ്രഹ്മപുരം തീപിടിത്തതിനുശേഷം മാലിന്യ സംസ്‌കരണ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉള്ളതിനാല്‍ നിയമനടപടികള്‍ ശക്തമായി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും.
ജനകീയ ഓഡിറ്റിലെ വിടവുകള്‍ പരിഹരിക്കുക, മാലിന്യസംസ്‌കരണത്തിന് താല്‍കാലിക സംവിധാനങ്ങള്‍ക്ക് പകരം സ്ഥിരം സംവിധാനങ്ങള്‍ നടപ്പാക്കുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ആധുനികവത്കരണം, നിരോധിത ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ഓക്ടോബര്‍ 31ന് മുന്‍പായി ഇത് പൂര്‍ത്തിയാക്കണം. മൂന്നാം ഘട്ടത്തില്‍ മാലിന്യ സംസ്‌കരണത്തിന് സുസ്ഥിരസംവിധാനം ഉറപ്പാക്കുകയും, അടുത്ത വര്‍ഷം മാര്‍ച്ച് 30ന് മാലിന്യ മുക്തസംസ്ഥാനമാകാനുമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *