
സിനിമാക്കാരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകള്‍ സ്വാഗതാര്‍ഹമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ കെ സേതുരാമന്‍. ചില തുറന്നു പറച്ചിലുകള്‍ ശ്രദ്ധയില്‍പെട്ടു. ഷൂട്ടിങ് സെറ്റുകളില്‍ പരിശോധന നടത്തും. ഷാഡോ പൊലീസിന്റെ സാന്നിധ്യം ഷൂട്ടിങ് സെറ്റുകളില്‍ ഉണ്ടാകും.
പക്ഷെ ഇതുവരെ ആരില്‍നിന്നും പരാതി ലഭിച്ചിട്ടില്ല. വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്‌സൈസ് എടുക്കുന്നുണ്ട്. ആവശ്യമെങ്കില്‍ പോലീസ് മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തില്‍ എക്‌സൈസ് വിവരങ്ങള്‍ തേടുകയാണ്. താരസംഘടനയായ ‘അമ്മ’യില്‍നിന്നടക്കം വിവരങ്ങള്‍തേടാനാണ് ശ്രമം.ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്‌സൈസും അന്വേഷണം ശക്തമാക്കുന്നത്.
സിനിമാമേഖലയില്‍ ലഹരി ഉപയോഗം കൂടിയത് നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ ഒറ്റപ്പെടുത്താനും സിനിമാരംഗത്തുനിന്ന് മാറ്റിനിര്‍ത്താനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിര്‍മാതാക്കള്‍ തേടിയിരുന്നു.














