Hivision Channel

സംസ്ഥാനത്തെ 97 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം 23ന്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 97 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 23ന് രാവിലെ 11.30ന് മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൂടാതെ 12 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മൂന്ന് ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. നവകേരളം കര്‍മ്മപദ്ധതി-രണ്ട് വിദ്യാകിരണം മിഷനില്‍ കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റ് ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് ഈ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.
സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാവും. മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉദ്ഘാടനം ചെയ്യുന്ന 97 സ്‌കൂള്‍ കെട്ടിടങ്ങളില്‍ കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള ഒരു സ്‌കൂള്‍ കെട്ടിടവും മൂന്ന് കോടി ധനസഹായത്തോടെയുള്ള 12 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി ധനസഹായത്തോടെയുള്ള 48 സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റ് ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 36 സ്‌കൂള്‍ കെട്ടിടങ്ങളും ഉള്‍പ്പെടും.
ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിച്ച കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസ്, ഒരു കോടി ധനസഹായത്തോടെ നിര്‍മ്മിച്ച ജിവിഎച്ച്എസ്എസ് കാര്‍ത്തികപുരം, പ്ലാന്‍ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവയില്‍ നിര്‍മ്മിച്ച ജിഎച്ച്എസ്എസ് ആറളം ഫാം, ജിയുപിഎസ് വയക്കര, ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട്, ജിഎച്ച്എസ്എസ് പാലയാട്, ജിഎല്‍പിഎസ് നരിക്കോട് മല എന്നിവ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ എംഎല്‍എമാരായ കെ വി സുമേഷ്, അഡ്വ. സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ പി മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, നവകേരളം കര്‍മ്മപദ്ധതി കോ ഓര്‍ഡിനേറ്റര്‍ ഡോ. ടിഎന്‍ സീമ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Leave a Comment

Your email address will not be published. Required fields are marked *