Hivision Channel

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതല

ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ കര്‍മ്മശേഷി പ്രയോജനപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് കോഴിക്കോട് സി ആര്‍ സി സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ലക്ചറര്‍ ജയ്‌സണ്‍ എം പീറ്റര്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെപ്പറ്റി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടാനുബന്ധിച്ച് നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് സാമൂഹിക നീതി വകുപ്പും കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റും ചേര്‍ന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.
വൈകല്യത്തിന്റെ പേരിലുള്ള വിവേചനപരമായ പെരുമാറ്റവും വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുത്തലും ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമമനുസരിച്ച് കുറ്റകരമാണ്. ഭിന്നശേഷിയുള്ളവരുടെ അവകാശനിയമം 2016 ലെ മൂന്ന്, നാല്, അഞ്ച് സെക്ഷനുകള്‍ പ്രകാരം ഈ നിയമത്തിന്റെ കീഴില്‍ വരുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടങ്ങള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ തുടങ്ങിയവ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ കര്‍മ്മശേഷി പ്രയോജനപ്പെടുത്തുന്നതിനുള്ള സംയോജിത സാഹചര്യം ഒരുക്കി നല്‍കണം. അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളും കൈക്കൊള്ളണം. ആറു വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തങ്ങളുടെ സൗകര്യമനുസരിച്ച് ഏറ്റവും അടുത്തുള്ള വിദ്യാലയത്തില്‍ നിന്നും സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉണ്ട്.
ഭിന്നശേഷി വ്യക്തികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നപടി കൈക്കൊള്ളണം. തൊഴില്‍ മേഖലയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരാതി പരിഹാര ഓഫീസറെ നിയോഗിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്താനും കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ ഉപദേശക സമിതികളുണ്ട്. ഭിന്നശേഷി നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും ആദ്യ ലംഘനത്തിന് 10,000 രൂപ വരെ പിഴ ചുമത്തപ്പെടും. തുടര്‍ന്നുള്ള നിയമ ലംഘനത്തിന് അമ്പതിനായിരം രൂപയില്‍ കുറയാത്ത പിഴയും ചുമത്താവുന്നതാണ്-അദ്ദേഹം വിശദീകരിച്ചു.
കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആന്റ് സബ് ജഡ്ജ് വിന്‍സി ആന്‍ പീറ്റര്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ അധ്യക്ഷനായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് പി കെ നാസര്‍ സ്വാഗതവും അഡിഷണല്‍ ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ ശ്രീനാഥ് കൂട്ടാമ്പിള്ളി നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളില്‍ നിന്നുള്ള നൂറോളം ജീവനക്കാര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *