Hivision Channel

സിറ്റിസണ്‍ അസിസ്റ്റന്റ്;പരാതി പരിഹാരം വേഗത്തിലാക്കാന്‍ സ്ഥിരം സംവിധാനവുമായി തദ്ദേശ വകുപ്പ്

പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് സ്ഥിരം സംവിധാനവുമായി തദ്ദേശസ്വയംഭരണ വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പരിഹരിക്കപ്പെടാത്ത പരാതികള്‍ പരിഗണിക്കാനാണ് സിറ്റിസണ്‍ അസിസ്റ്റന്റ് എന്ന പേരില്‍ പരാതി പരിഹാര സംവിധാനം ആരംഭിച്ചത്. ആദ്യ സിറ്റിങ്ങില്‍ ജില്ലയിലെ അഞ്ച് ഉപസമിതികള്‍ പരിഗണിച്ച 56 പരാതികളില്‍ 23 എണ്ണം തീര്‍പ്പാക്കി. എഴെണ്ണം ജില്ലാ സമിതിക്ക് കൈമാറി. ബാക്കിയുള്ളവ പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പരിഹരിക്കപ്പെടാത്ത അപേക്ഷകളാണ് മാസത്തില്‍ മൂന്നുതവണ നടക്കുന്ന സ്ഥിരം അദാലത്തില്‍ പരിഗണിക്കുക. ഇരുപതോളം തദ്ദേശ സ്ഥാപനങ്ങളുടെ പരാതി പരിഹരിക്കാന്‍ ഒരു സമിതിയാണ് ഉണ്ടാവുക. ഇത്തരത്തില്‍ ജില്ലയില്‍ അഞ്ച് സമിതികളുണ്ട്. തദ്ദേശ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍, ജില്ലാ അസി. ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയും ഫോണ്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഇവ ഉപസമിതികള്‍ക്ക് പരിഹരിക്കാനായില്ലെങ്കില്‍ ജില്ലാ സമിതിക്കും ജില്ലാ സമിതി സംസ്ഥാന സമിതിക്കും കൈമാറും. മാസത്തില്‍ രണ്ട് തവണ ചേരുന്ന ജില്ലാ സമിതിയില്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരാണ് അംഗങ്ങള്‍. ജില്ലാ പഞ്ചായത്ത്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവ സംബന്ധിച്ച പരാതികള്‍ ജില്ലാ സമിതിക്കാണ് നല്‍കേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന പരാതികള്‍ 30 ദിവസത്തിനകം പരിഹരിക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ കെട്ടിടനിര്‍മ്മാണം, പെര്‍മിറ്റ്, ക്രമവത്കരണം, വിവിധ ലൈസന്‍സുകള്‍, സിവില്‍ രജിസ്ട്രേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സ്വീകരിക്കുന്നത്. പയ്യന്നൂര്‍, തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളും പയ്യന്നൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകളും ഉള്‍പ്പെടുന്നതാണ് ഒന്നാം ഉപസമിതി. രണ്ടില്‍ തളിപ്പറമ്പ്, ഇരിക്കൂര്‍ ബ്ലോക്കുകളും ശ്രീകണ്ഠാപുരം നഗരസഭയും മൂന്നില്‍ കണ്ണൂര്‍, എടക്കാട്, പാനൂര്‍ ബ്ലോക്കുകള്‍, പാനൂര്‍ നഗരസഭ എന്നിവയും നാലില്‍ തലശ്ശേരി, കൂത്തുപറമ്പ് ബ്ലോക്ക്, തലശ്ശേരി, കൂത്തുപറമ്പ് നഗരസഭ എന്നിവയും അഞ്ചില്‍ ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകള്‍, ഇരിട്ടി, മട്ടന്നൂര്‍ നഗരസഭ എന്നിവയും ഉള്‍പ്പെടും. ഒന്നുമുതല്‍ അഞ്ച് വരെയുള്ള സമിതികളെ യഥാക്രമം 9496047028, 9496047029, 9496047030, 9496047031, 9496047032 എന്നീ നമ്പറുകളില്‍ പരാതി അറിയിക്കാം. ഫയലുകള്‍ അനാവശ്യമായി കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *