Hivision Channel

ഈ വര്‍ഷം മുതല്‍ എല്‍പി സ്‌കൂളുകളില്‍ കായിക പഠനം തുടങ്ങും; മന്ത്രി വി അബ്ദുറഹ്മാന്‍

ഈ അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ എല്‍ പി സ്‌കൂളുകളില്‍ കായികം ഒരു ഇനമായി പഠിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. ചുണ്ടയിലെ പെരിങ്ങോം ജി വി എച്ച് എസ് ഗ്രൗണ്ടിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായിക പരിശീലനം ഒരു വിഷയമായി പഠിപ്പിക്കാന്‍ അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം ഉടന്‍ ലഭിക്കും. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകം ഒക്ടോബറില്‍ ലഭ്യമാകും. കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തിലെ തെരഞ്ഞെടുത്ത 25 സ്‌കൂളുകളില്‍ കായിക പഠനം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നുണ്ട്. ഇവിടെയുള്ള കുട്ടികളെ വിദഗ്ധരായ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഗുണപരമായ മാറ്റങ്ങള്‍ കണ്ടെത്തി. പഠന കാര്യത്തില്‍ ആ കുട്ടികളുടെ ഉത്സാഹം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ കായികപഠനം ശുഭകരമായ തുടക്കമായാണ് സര്‍ക്കാര്‍ കാണുന്നത്. പി ടി പിരിയഡുകളിലാണ് വിഷയം പഠിപ്പിക്കേണ്ടത്. ഇതിനെ അധ്യാപകരും രക്ഷിതാക്കളും പ്രോത്സാഹിപ്പിക്കണം. കായിക താരങ്ങളെ വാര്‍ത്തെടുക്കുക മാത്രമല്ല കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ജീവിത ശൈലി രോഗങ്ങളില്‍ നിന്നും രക്ഷിക്കുകയുമാണ് ഇതിന്റെ ഉദ്ദേശം. നിത്യജീവിതത്തില്‍ സ്ഥിരോത്സാഹമുള്ളവരായി വിദ്യാര്‍ഥികളെ മാറ്റണമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ജില്ലാ തലത്തിലാണ് സ്പോര്‍ട്സ് കൗണ്‍സിലുള്ളത്. താഴെത്തട്ടില്‍ കായിക പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് തല സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമാണ്. കായിക മേഖലയില്‍ നേരിയ തോതില്‍ കേരളം പിന്നോട്ട് പോയതിന് ഇതിലൂടെ പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് ഗ്രൗണ്ട് നവീകരിക്കുന്നത്. എല്‍ ഇ ഡി അരീന ലൈറ്റ് സംവിധാനത്തോടെയുള്ള ഇന്റര്‍ വോളിബോള്‍ കോര്‍ട്ട്, ഫ്ളഡ് ലൈറ്റ് മഡ് ഫുട്ബോള്‍ കോര്‍ട്ട്, ശുചിമുറി ബ്ലോക്ക്, ഫെന്‍സിങ്ങ് എന്നിവയാണ് ഒരുക്കുക.
ചടങ്ങില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ പി എം മുഹമ്മദ് അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടര്‍, ജില്ലാ പഞ്ചായത്ത് അംഗം എം രാഘവന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എ സി പൗലോസ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെ ജയന്‍, സ്റ്റാഫ് സെക്രട്ടറി ഷിന്‍സി മോള്‍, പി ടി എ പ്രസിഡണ്ട് ജോജി എം തോമസ്, സ്‌കൂള്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഡി അഗസ്റ്റ്യന്‍, അധ്യാപക-രക്ഷകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *