Hivision Channel

യുവതലമുറയുടെ ശേഷി വികസനം ഉറപ്പാക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; മുഖ്യമന്ത്രി

യുവതലമുറയുടെ ശേഷി വികസനം ഉറപ്പ് വരുത്തി സ്വന്തം നാട്ടില്‍ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ ഐ പി) 4.0 ഗ്രാന്റ് ഫിനാലെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ട് അപ്, ഐ ടി, വ്യവസായ മേഖലകളില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. സംരംഭക വര്‍ഷം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ഇതില്‍ ഉള്‍പ്പെട്ട ആയിരം സംരംഭങ്ങളെ 100 കോടി രൂപ വിറ്റ് വരവുള്ള സ്ഥാപനങ്ങളാക്കി വളര്‍ത്താനുള്ള സഹായം സര്‍ക്കാര്‍ നല്‍കും. മിഷന്‍ 1000 ന്റെ ഭാഗമായാണിത്. ഇത് വഴി ഒരു ലക്ഷം കോടി രൂപയുടെ വിനിമയം വ്യവസായ രംഗത്ത് ഉണ്ടാവും. ഇങ്ങനെ വ്യവസായ രംഗത്ത് സുസ്ഥിരത ഉറപ്പ് വരുത്തി ഈ വര്‍ഷം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തും-മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ വിജ്ഞാന സമൂഹമായും നൂതനത്വ ആശയങ്ങളുടെ കേന്ദ്രമായും വളര്‍ത്തുകയാണ് ലക്ഷ്യം. ഇങ്ങനെ സംസ്ഥാനത്തെ ഗവേഷണത്തിന്റെ ഹബ്ബാക്കി മാറ്റും. നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേത്. ഏഴ് വര്‍ഷത്തിനുള്ളില്‍ ഐ ടി മേഖലയിലും സമാനതകളില്ലാത്ത മുന്നേറ്റമാണുണ്ടായത്. 2016ല്‍ 9,753 കോടി രൂപയായിരുന്നു ഐ ടി രംഗത്തെ വിറ്റുവരവെങ്കില്‍ 2022ല്‍ അത് 17,636 കോടി രൂപയായി. ഐ ടി പാര്‍ക്കില്‍ 2016-ല്‍ 78,068 ജീവനക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് 135,288 പേര്‍ ജോലി ചെയ്യുന്നു. 2022-23ല്‍ 1,274 കോടി രൂപയുടെ വളര്‍ച്ചയാണ് ഐടി ഉല്‍പന്ന കയറ്റുമതി രംഗത്ത് കേരളം നേടിയത്.
വലിയ മുന്നേറ്റമാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സ്റ്റാര്‍ട്ടപ് രംഗത്തുമുണ്ടായത്. നാലായിരത്തിലധികം സംരംഭങ്ങളും 5500 കോടി രൂപയുടെ നിക്ഷേപവും 43000 തൊഴിലവസരങ്ങളും സ്റ്റാര്‍ട്ട് അപ് മേഖലയിലുണ്ടായി. ബെല്‍ജിയത്ത് നടന്ന ലോക ഇന്‍ക്യുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക് ഇന്‍ക്യുബേഷനായി കേരള സ്റ്റാര്‍ട്ടപ് മിഷനെ തെരഞ്ഞെടുത്തു. നൂതനത്വ ആശയ പ്രോത്സാഹനത്തിനായി പുതുതായി നാല് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍ ആശയാവതരണം നടത്തി.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, കണ്ണൂര്‍ ഡി ഡി ഇ ശശീന്ദ്രവ്യാസ്, ആര്‍ ഡി ഡി മണികണ്ഠന്‍, പിണറായി എ കെ ജി മെമ്മോറിയല്‍ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ആര്‍ ഉഷാ നന്ദിനി എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *