
ആലപ്പുഴ പോഷകാഹാരക്കുറവ്മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ ആണ് കേസെടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.
കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരനാണ് പോഷകാഹാര കുറവിനെ തുടര്‍ന്ന് മരിച്ചത്. മാതാപിതാക്കളുടെ പരിപാലനത്തില്‍ വന്ന പിഴവാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഈ സാഹചര്യത്തില്‍ വീട്ടിലെ മറ്റ് നാല് കുട്ടികളെ സ്ഥിരമായി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി. പോഷകാഹാര കുറവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മറ്റ് ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് അറിയിച്ചു.
കാര്‍ത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകനാണ് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏഴ് കുഞ്ഞുങ്ങളെയാണ് താര പ്രസവിച്ചത്. ഇതില്‍ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടര്‍ച്ചയായി കുഞ്ഞുങ്ങള്‍ക്ക് ജന്‍മം കൊടുത്തിരുന്നു എന്നതിനപ്പുറം ഇവരെ പരിപാലിക്കാന്‍ താരയും രാജേഷും ഒന്നും ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ ദമ്പതികള്‍ സ്‌കൂളില്‍ വിടിരുന്നില്ല. നല്ല വസ്ത്രമോ ഭക്ഷണമോ നല്‍കില്ല. കുഞ്ഞുങ്ങള്‍ അലഞ്ഞ് തിരിയുന്നത് കണ്ടാലും ഇടപെടില്ല. നാട്ടുകാരും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ഏതാനും മാസം മുമ്പ് താരയെയും കുഞ്ഞുങ്ങളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അവിടെ നിന്നും സ്വന്തം ഇഷ്ടപ്രകാരം താര കുഞ്ഞുങ്ങളുമായി ഇറങ്ങി വരികയായിരുന്നു.














