
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം തായിക്കാട്ടുകരയില്‍ പൊതുദര്‍ശനത്തിന് വച്ചു. തായിക്കാട്ടുകര എല്‍പി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി പഠിച്ച ക്ലാസിലാണ് പൊതുദര്‍ശനം. കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാന്‍ പ്രദേശവാസികള്‍ ഒഴുകിയെത്തുകയാണ്. സഹപാഠികളും, സഹപാഠികളുടെ അമ്മമാരും, അധ്യാപകരുമടങ്ങുന്ന വലിയ സംഘം സ്‌കൂളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജില്‍ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പതി കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീടനടുത്ത് താമസിക്കാന്‍ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കെഎസ്ആര്‍ടിസി ബസ്സില്‍ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.
പിന്നാലെ മണിക്കൂറുകള്‍ക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതി പിടിയില്‍ ആയത്. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.














