Hivision Channel

സമ്പൂര്‍ണ്ണ ശുചിത്വ ഹരിതവിദ്യാലയം ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന്

ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളേയും സമ്പൂര്‍ണ്ണ ശുചിത്വ ഹരിത വിദ്യാലയങ്ങളായി മാറ്റുന്നതിനുള്ള പ്രത്യേക കര്‍മ്മ പദ്ധതിക്ക് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം രൂപം നല്‍കി. കലക്ടറുടെ ചേംബറിലാണ് യോഗം ചേര്‍ന്നത്. സമ്പൂര്‍ണ്ണ ശുചിത്വ ഹരിത വിദ്യാലയ ക്യാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് നടത്തും.അനുബന്ധമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് തലത്തിലും പരിപാടികള്‍ സംഘടിപ്പിക്കും.

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പരിപാടിയിലൂടെ പൂര്‍ണ്ണ ഹരിതവും ശുചിത്വവുമായ വിദ്യാലയമെന്ന ലക്ഷ്യം കൈവരിക്കുകയും അത് സുസ്ഥിരമായി നിലനിര്‍ത്തുകയുമാണ് ലക്ഷ്യം. സ്‌കൂളുകളില്‍ മള്‍ട്ടികളര്‍ മള്‍ട്ടി ക്യാബിന്‍ വേസ്റ്റ് ബിനുകള്‍ സ്ഥാപിക്കും. മെറ്റരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങും.ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് ബിന്നില്‍ നിക്ഷേപിച്ച് നിശ്ചിത ദിവസത്തിനുള്ളില്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറും. പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാതല നിര്‍വ്വഹണ സമിതി സെപ്റ്റംബര്‍ 23 നുള്ളില്‍ രൂപീകരിക്കും. സ്‌കൂള്‍ തലത്തില്‍ ഹരിത ശുചിത്വ നിര്‍വഹണ കമ്മറ്റിയും ഹരിത ശുചിത്വ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. ശുചിത്വ നിര്‍വഹണം മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. ജില്ലാ വിദ്യാഭ്യാസ ഉപജില്ലാ തല സമിതികളുടെ ശുപാര്‍ശ അടിസ്ഥാനമാക്കിയാവും റേറ്റിംഗ് നല്‍കുക. നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ സമ്പൂര്‍ണ ശുചിത്വ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തും.
യോഗത്തില്‍ വിദ്യാഭ്യാസ ജില്ലാ ഉപജില്ലാ ഓഫീസര്‍മാര്‍, എല്‍ എസ് ജി ഡി ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍, കെ എസ് ഡബ്ല്യൂ എസ് പി ഇ വിനോദ് കുമാര്‍ നവകേരളം ജില്ലാ കോഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, കില ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *