ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.വ്യാഴാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ അപേക്ഷ പരിഗണിച്ച് മൂവരെയും കസ്റ്റഡിയില്‍ വിട്ടത്.
ചാത്തന്നൂര്‍ സ്വദേശികളായ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍. തമിഴ്നാട്ടിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ ഏഴുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വേഷണസംഘം അപേക്ഷ നല്‍കിയത്.
വെള്ളിയാഴ്ച വൈകിട്ടോടെയായിരിക്കും തെളിവെടുപ്പിനായി കൊണ്ടുപോവുക. കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓയൂര്‍ കാറ്റാടിയിലും പ്രതികള്‍ സഞ്ചരിച്ച പൂയപ്പള്ളി, ചാത്തന്നൂര്‍, ആശ്രാമം മൈതാനം, തെങ്കാളി തുടങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പുണ്ടാകും.