
19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥിപട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന സവിശേഷത. കെ. സുധാകരനും അടൂർ പ്രകാശും മത്സരമോഹവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയിൽ എം.പിമാർ ആരുമില്ല. എന്നാൽ, ഇവർ താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപനും മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാർഥി. ലൈംഗിക പീഡനക്കേസിൽപ്പെട്ട് പാർട്ടിക്ക് പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടിയാണ് സ്ഥാനാർഥി. തവനൂരിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയി മത്സരിക്കും.














