Hivision Channel

തെരഞ്ഞെടുപ്പ് പ്രചാരകര്‍ക്കായി വേനല്‍ക്കാല ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു

ജില്ലയില്‍ കടുത്ത വേനല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവര്‍ത്തകര്‍ക്കായി കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വേനല്‍ക്കാല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

  1. നിര്‍ജലീകരണം തടയാം
  • പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ എപ്പോഴും കൈയ്യില്‍ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
  • ഒ.ആര്‍.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ സഹായിക്കും.
  • അമിതമായ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തെ കൂടുതല്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും.
  1. സമയക്രമവും വസ്ത്രധാരണവും
  • നേരിട്ടുള്ള വെയില്‍ ഏല്‍ക്കുന്ന രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയം വീടുകള്‍ കയറിയുള്ള പ്രചാരണം പരമാവധി ഒഴിവാക്കുക. ഈ സമയം യോഗങ്ങള്‍ക്കോ ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാം.
  • കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് വായുസഞ്ചാരത്തിന് സഹായിക്കും.
  • വെയിലത്തിറങ്ങുമ്പോള്‍ കുട, വീതിയുള്ള തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.
  1. ഭക്ഷണരീതി
  • എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക.
  • വെള്ളരിക്ക, തണ്ണിമത്തന്‍ തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  1. പ്രഥമശുശ്രൂഷയും മുന്‍കരുതലും
  • അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കല്‍ എന്നിവ കണ്ടാല്‍ ഉടന്‍ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
  • ഗ്രൂപ്പുകളായി പ്രചാരണം നടത്താന്‍ ശ്രദ്ധിക്കുക. ആര്‍ക്കെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ ഇത് ഉപകരിക്കും.
  • പ്രചാരണത്തിനിടെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ തനിച്ച് ഇരുത്തി പോകരുത്.

അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിന് ആംബുലന്‍സ്- 108, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഹെല്‍പ്പ്‌ലൈന്‍: 1077 (ജില്ലാ അടിസ്ഥാനത്തില്‍),
ദിശ (ആരോഗ്യ വകുപ്പ്): 1056 നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Comment

Your email address will not be published. Required fields are marked *